കേരളത്തെ കരകയറ്റാനായി തൊഴിലാളികള്‍ വഹിച്ച പങ്ക് നിസ്തുലം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

മഞ്ചേരി: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാനായി തൊഴിലാളികള്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മഞ്ചേരി ചെത്ത്മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍(സിഐടിയു) സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് സ്വീകരിച്ചശേഷം പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരും യുഡിഎഫ് മുന്നണിയും നിരുത്സാഹപ്പെടുത്തിയപ്പോഴും സാധാരണക്കാരും തൊഴിലാളി സംഘടനകളും നവകേരള നിര്‍മാണത്തില്‍ പങ്കുചേര്‍ന്നത് നേട്ടമായെന്നും മന്ത്രി പറഞ്ഞു. ചെത്ത്മദ്യ തൊഴിലാളികളും പെന്‍ഷന്‍കാരുടെ വിഹിതം സ്വരൂപിച്ച് എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മഞ്ചേരി സിഐടിയു ഹാളില്‍ നടന്ന ചടങ്ങില്‍ ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.കെ.വേലുനായര്‍ തുക മന്ത്രിക്ക് കൈമാറി. യൂണിയന്‍ പ്രസിഡന്റ് കിഴിശേരി പ്രഭാകരന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം.ഷൗക്കത്ത്, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞുമോന്‍, ഏരിയാ സെക്രട്ടറി വി.അജിത്ത്കുമാര്‍, സി.വിജയലക്ഷ്മി, എ.കുഞ്ഞന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.സുനില്‍ സ്വാഗതവും ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍