വിദേശ നിക്ഷേപകര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്ന് കുവൈത്ത്

കുവൈത്ത് :വിദേശ നിക്ഷേപകര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നു കുവൈത്ത്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയില്‍ നിയമ നിര്‍മാണം ആലോചനയിലുണ്ടെന്ന് വാണിജ്യവ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വ്യക്തമാക്കി. മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നടത്തിയ പ്രമോഷനല്‍ യാത്രക്കു അനുകൂല ഫലമുണ്ടായെന്നും നിരവധി വിദേശ നിക്ഷേപകര്‍ രാജ്യത്ത് പണം മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിദേശ നിക്ഷേപകര്‍ക്കു നേരിടേണ്ടി വരുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ചാണ് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായത്. എല്ലാ തടസ്സങ്ങളും ലഘൂകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ളത്. ഇതിനായി നിയമനിര്‍മാണം നടത്താന്‍ രാജ്യം തയാറെടുക്കുകയാണ്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയിലാവും നിര്‍ദ്ദിഷ്ട നിയമം. മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശി നിക്ഷേപകര്‍ക്ക് തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാനും വില്‍പന നടത്താനും അനുമതി നല്‍കിയ കാര്യവും മന്ത്രി എടുത്തു പറഞ്ഞു എന്നാല്‍ ബാങ്കിന്റെ മൂലധനത്തിന്റെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ക്കു സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക അനുമതി വേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍