മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: കെ.എസ്.ആര്‍.ടി. സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല. ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ജോലിയില്‍ നിന്ന് പിരിച്ച് വിടുന്ന ഒരു കൂട്ടം കണ്ടക്ടമാരാണ് തങ്ങളെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി. സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി. ഇവരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാരിന് താല്പര്യമില്ല. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല. ജനുവരി രണ്ടിനു മാത്രമേ സുപ്രീംകോടതി തുറക്കുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍