ഇടുക്കി ആര്‍ച്ച്ഡാമില്‍ അന്താരാഷ്ട്ര അക്വേറിയവും ലേസര്‍ ഷോയും വരുന്നു

ചെറുതോണി: ഇടുക്കി ആര്‍ച്ച്ഡാമില്‍ 26 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര അക്വേറിയവും ലേസര്‍ ഷോയും തുടങ്ങാനുള്ള നടപടി ആരംഭിച്ചു. ഇതിനായി ആര്‍ച്ച് ഡാമിന്റെ പരിസരത്തായി താമസിക്കുന്ന 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. സംസ്ഥാന ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നിയന്ത്രിക്കുന്ന സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള 15 സ്വപ്‌ന പദ്ധതികളില്‍ ആറാമത്തെതാണ് ഇടുക്കിയിലെ അന്താരാഷ്ട്ര അക്വേറിയവും ലേസര്‍ ഷോയും. ഇടുക്കി ആര്‍ച്ച്ഡാമിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി രൂപകല്‍പന ചെയ്തതാണ് പുതിയ പദ്ധതി. ആര്‍ച്ച്ഡാമിനു സമീപമുള്ള വൈശാലി ഗുഹയിലാണ് അക്വേറിയം ഒരുക്കുന്നത്. എല്ലാ വന്‍കരങ്ങളിലുമുള്ള അലങ്കാര മത്സ്യങ്ങളാല്‍ സമ്പന്നമാക്കുന്ന അക്വേറിയത്തില്‍ ഫൗണ്ടന്‍ ഡിസ്‌പ്ലേയും ഉണ്ടാകും. 1,95,000 ചതുരശ്ര അടി വിസ്താരത്തിലാണ് ലേസര്‍ പവലിയന്‍ ഒരുക്കുന്നത്. അമേരിക്കയിലെ ഒക്‌ടോവിയായിലുള്ള ലേസര്‍ ഷോയുടെ മാതൃകയിലാണ് പവലിയന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ലൈറ്റുകളുടെയും ശബ്ദമിശ്രണങ്ങളുടെയും ഏകോപനത്തില്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും മുഖ്യ ആകര്‍ഷണമാകും. ആര്‍ച്ച്ഡാമിന്റെ പ്രതലമാണ് സ്‌ക്രീനായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വിസ്താരമേറിയ സ്‌ക്രീനായിരിക്കുമിത്. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കിയുടെ ചരിത്രവിസ്മയങ്ങളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. 
ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കെഎസ്ഇബിയുടെ വഞ്ചിക്കവലയിലുള്ള ആറേക്കര്‍ സ്ഥലം ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനായി മാറ്റുന്നതിന് തീരുമാനിച്ചു. അടിയന്തരമായി 80 കുടുംബങ്ങളുടെയും യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ വി.എ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഡിടിപിസി എക്‌സിക്യൂട്ടീവ് മെന്പര്‍ സി.വി. വര്‍ഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍