പുനര്‍നിര്‍മാണം: വീടുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മാണം ആരംഭിച്ച വീടുകള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മിതിക്ക് പുതിയ സങ്കേതങ്ങളും മാനവും വേണം. സുസ്ഥിരമായ മാര്‍ഗങ്ങളാകണം ഉപയോഗിക്കേണ്ടത്. സഹായം സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് വസ്തുതാപരമായവയ്ക്ക് നടപടിയുണ്ടാകണം. ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി വേണം. വീട് നിര്‍മാണത്തിനു പരിഗണിക്കുമ്പോള്‍ തലമുറകളായി താമസിച്ചുവരുന്ന വീടുകള്‍, പുറമ്പോക്കിലുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് അനുഭാവപൂര്‍ണമായ സമീപനം വേണം. വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടല്‍ വേണം. ജില്ലാതല ബാങ്കിംഗ് കമ്മിറ്റി യോഗം വിളിക്കണം. ബ്‌ളോക്കുതല അദാലത്തുകള്‍ ജനുവരി 15ന് മുമ്പ് പൂര്‍ത്തിയാക്കണം.ഈ സാമ്പത്തികവര്‍ഷം തന്നെ റോഡ്, വീട് എന്നിവ കഴിയുന്നത്ര പൂര്‍ണതയില്‍ എത്തിക്കാനാകണം. ജീവനോപാധിയുടെ വിഷയത്തില്‍ ഓരോ സ്ഥലത്തും ഓരോ വിഭാഗങ്ങള്‍ക്കുമുള്ള പ്രശ്‌നങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കാനാകണം. ഈ സാമ്പത്തികവര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്ന് പരിശോധിക്കണം. നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് പുറമേ സ്‌കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, റോഡ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുമ്പോള്‍ വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തണം. മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. പശ്ചാത്തലസൗകര്യവികസനം, സ്ഥലം ഏറ്റെടുപ്പ് വിഷയങ്ങളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ദേശീയപാത, റെയില്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് കൂടുതല്‍ ശ്രദ്ധവേണം. കേന്ദ്രീകൃത മാലിന്യപ്ലാന്റുകള്‍ പുതിയവ വരേണ്ടതുണ്ട്. പുതുതായി വരുന്നവ പ്രശ്‌നമുണ്ടാക്കുന്നവയല്ലെന്നും ഊര്‍ജോത്പാദനത്തിന് കഴിയുന്നതാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനാകണം. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനും കളക്ടര്‍മാരെയും വകുപ്പധ്യക്ഷന്മാരെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. റവന്യൂ റിക്കവറി ഇനത്തില്‍ ലഭിക്കാനുള്ളത് വേഗത്തില്‍ പിരിക്കാന്‍ നടപടിവേണമെന്ന് യോഗത്തില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ദേശീയപാത വികസനം, റെയില്‍വേ വികസനം, മാലിന്യ സംസ്‌കരണം, കൊച്ചി സേലം പൈപ്പ് ലൈന്‍, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്, ബൈപാസ് വികസനം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍