യുവാക്കളില്‍ ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നു


ലഹരിയുടേയും മദ്യത്തിന്റേയും പിടിയില്‍ അടിമകളായികൊണ്ടിരിക്കുകയാണ് ഇന്ന് യുവ തലമുറ.ഓരോ ആഘോഷരാവിലും മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ അത് ഏവരിലും അത്ഭുതമുണ്ടാക്കുന്നതും പതിവു കാഴ്ചയായി. മൂന്നരക്കോടി ജനങ്ങളുള്ള നമ്മുടെ സംസ്ഥാനത്ത് ഒരു കോടിയിലധികം സ്ഥിരം മദ്യപാനികളുണ്ടെന്നാണ് കണക്കാകക്കപ്പെടുന്നത്.പ്രതി വര്‍ഷം ഏകദേശം 26 കോടി ലിറ്റര്‍ മദ്യം കുടിച്ചു തീര്‍ക്കുന്ന കേരള ജനത കഴിഞ്ഞ (2017) ഓണം സീസണില്‍ മാത്രം കുടിച്ചത് 484.22 കോടി രൂപക്കാണെന്ന് ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന വിവരം. ഓരോ വര്‍ഷവും ആഘോഷദിനങ്ങള്‍ കൊണ്ടാടപ്പെടുമ്പോള്‍ മദ്യവും മയക്കു മരുന്നുകളും വിറ്റു തീരുന്നതിന്റെ കണക്കുകളാണ് മുന്നിട്ടു നില്‍ക്കുന്നത്. ലഹരിക്കായി എന്തും ചെയ്യാനും ഇവര്‍ സജ്ജരാകുന്നുണ്ടെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.ഇത്തരത്തില്‍ പെട്ട കേസുകളില്‍ ഏറ്റവും കൂടുതല്‍ അരസ്റ്റ് രേഖപ്പെടുത്തിയതിലേറെയും കൗമാരക്കാരേയും ,യുവാക്കളേയുമാണ് .യുവാക്കളിലെ ലഹരി ഉപയോഗം കൂടികൊണ്ടിരിക്കുന്നതിന്റെ കണക്കുകളാണ് ദിനം പ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് മദ്യപാനം ,പുകവലി തുടങ്ങിയ മാര്‍ഗങ്ങളായിരുന്നു യുവാക്കള്‍ ലഹരിക്കായി തിരഞ്ഞെടുത്തതെങ്കില്‍ ഇന്നത്തെ തലവുറ അതിലും ഒരു പടി കൂടി കടന്ന് മാനസിക രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും വരെ ഇടയാക്കുന്ന മരീജുവാന,ഹാഷിഷ്,ഹൈറോയിന്‍,സൈലോസിബിന്‍,കൊക്കെയ്ന്‍,കെറ്റാമിന്‍ തുടങ്ങിയവ കൂടി ഉപയോഗിക്കുന്നുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള നിരോധിത മരുന്നുകളും,മയക്കു മരുന്നുകളുംപിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും കഞ്ചാവു പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കൈയില്‍ സൂക്ഷിക്കുന്നതിന് നിശ്ചിത അളവിനു ശേഷം മാത്രമേ ജാമ്യം നിഷേധിക്കപ്പെടുകയുള്ളൂ എന്നത് കുറഞ്ഞ അളവില്‍ ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു യുവാവ് അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതും,കഴിഞ്ഞ ദിവസം കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പ്പും മയക്കു മരുന്നിന്റെ കടന്നുകയറ്റം കൊണ്ടാണെന്നതിന് സൂചനയുണ്ട്. ഇവ നിയന്ത്രിക്കുന്നതിനായി ഗവണ്‍മെന്റുകളും സന്നദ്ധ സംഘടനകളും ബോധവത്കരണവുമായി രംഗത്തുണ്ടെങ്കിലും ,കടുത്ത ശിക്ഷാ നടപടികളും നിയന്ത്രണങ്ങളും നടപ്പില്‍ വരുത്തേണ്ടത് ആവശ്യമാണ്.വൈദ്യശാസ്ത്ര പ്രകാരവും മനശാസ്ത്ര പ്രകാരവും ചികിത്സിക്കപ്പെടേണ്ട ഒരു രോഗം കൂടിയാണ് ലഹരി ആസക്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍