കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജമായി

കണമല: കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജമായി. തളര്‍ന്നുപോകുന്ന അയ്യപ്പന്മാര്‍ക്ക് ജീവശ്വാസം പകരാന്‍ കാനനപാതയില്‍ വിവിധകേന്ദ്രങ്ങളിലായി ഓക്‌സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തന നിരതമായി. ഒപ്പം ആരോഗ്യവകുപ്പിന്റെയും വനം വകുപ്പിന്റെയും ആംബുലന്‍സുകളും സജ്ജം. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി മാത്രം വഴി നിര്‍മിച്ചാണ് ആതുര സേവനം ഒരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ശബരിമല സീസണുകളില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിച്ചിരുന്നത് കാനനപാതയില്‍ ആയിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ദൂരങ്ങള്‍ താണ്ടി രോഗിയെ ചുമന്നുകൊണ്ട് വരേണ്ട സ്ഥിതിയായിരുന്നു. അതേസമയം പമ്പയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാനന പാതയില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ മുന്‍ ജില്ലാ കളക്ടര്‍ യു.വി. ജോസാണ് എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാതയില്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്. ഇതോടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം കുറഞ്ഞു. കാളകെട്ടി, മമ്പാടി, കോയിക്കക്കാവ് എന്നിവിടങ്ങളിലാണ് എരുമേലി വഴിയുള്ള കാനനപാതയിലെ പാര്‍ലറുകള്‍. പരിശീലനം നേടിയ ആരോഗ്യ വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമാണ് പാര്‍ലറുകളില്‍ സേവനത്തിനുള്ളതെന്ന് എരുമേലി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ്, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ് എന്നിവര്‍ അറിയിച്ചു. കാളകെട്ടിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമുണ്ട്. ഇവിടെ ആംബുലന്‍സ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വനം വകുപ്പിന്റെ സഹായകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ സെന്ററും പോലീസ് എയ്ഡ് പോസ്റ്റും ഫയര്‍ റെസ്‌ക്യൂ കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍