മാനനഷ്ടക്കേസുമായി ശശിതരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി എന്ന തരൂരിന്റെ വിമര്‍ശനത്തിന് മറുപടി പറയവെയാണ് കൊലക്കേസ് പ്രതിയായ തരൂര്‍ ശിവഭഗവാനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം മനഃപൂര്‍വമുള്ള അവഹേളനമാണെന്നും, അതിനാല്‍ രവിശങ്കര്‍ പ്രസാദ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തരൂര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. എന്നാല്‍, തരൂരിന്റെ ആവശ്യം മന്ത്രി തള്ളി. മാപ്പ് പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് തരൂര്‍ മാനനഷ്ടക്കേസ് നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍