അതിവേഗ വളര്‍ച്ച: ആദ്യ പത്തില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള നഗരങ്ങള്‍ മാത്രം. ഓക്‌സ്ഫഡ് ഇക്കണോമിക്‌സാണ് 2019 മുതല്‍ 2035 വരെ അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. വജ്രവ്യാപാരത്തിന്റെ കേന്ദ്രമായ സൂററ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പതു ശതമാനം വളര്‍ച്ചയാണ് ഓക്‌സ്ഫഡിലെ ആഗോള നഗര ഗവേഷക വിഭാഗം മേധാവി റിച്ചാര്‍ഡ് ഹോള്‍ട്ട് സൂററ്റിനു പ്രവചിക്കുന്നത്. ആഗ്ര, ബംഗളുരു, ഹൈദരാബാദ്, നാഗ്പുര്‍, തിരുപ്പുര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങള്‍. അതേസമയം, മൊത്ത ആഭ്യന്തര ഉത്പാദന സൂചികയുടെ അടിസ്ഥാനത്തില്‍ ഈ നഗരങ്ങള്‍ മറ്റു രാജ്യങ്ങളിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണ്. 17 ശതമാനം അധിക വളര്‍ച്ചയാണ് മറ്റു വന്‍ നഗരങ്ങള്‍ക്കുള്ളത്. ഇതില്‍ ഭൂരിഭാഗവും ചൈനീസ് നഗരങ്ങളാണ്. ന്യുയോര്‍ക്ക്, ടോക്കിയോ, ലോസ്ആഞ്ചല്‍സ്, ലണ്ടന്‍ എന്നിങ്ങനെ വന്പന്‍മാര്‍ക്കു ഭീഷണി ഉയര്‍ത്തി ഷാങ്ഹായ്, ബെയ്ജിംഗ് എന്നീ ചൈനീസ് നഗരങ്ങള്‍ വളരുന്നുണ്ട്. പാരീസ്, ഷിക്കാഗോ എന്നീ നഗരങ്ങളെ ഈ നഗരങ്ങള്‍ പിന്നിലാക്കി. ഗാംഗ്ഷൗ, ഷെങ്കന്‍ തുടങ്ങിയ ചൈനീസ് നഗരങ്ങളും ഈ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഈ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍