യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു


ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടല്‍ നടത്തിയ പ്രസിഡന്റ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു ബുഷ്. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെയാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. 1992ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം ബില്‍ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ബുഷിന്റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ബുഷ്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് മരണത്തിന് കീഴടങ്ങിയത്. ബാര്‍ബറയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ബുഷിനെ തൊട്ടുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആശുപത്രിവിട്ട അദ്ദേഹം വിശ്രമത്തിലായിരുന്നു. രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷ് അദ്ദേഹത്തിന്റെ മകനാണ്. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍ എന്നീ നിലകളിലും ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍