ആയുര്‍വേദ മരുന്നുകള്‍ ആഗോള വിപണിയില്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ ആയുര്‍വേദ മരുന്ന് ആഗോള വിപണിയിലേക്ക്. പ്രമേഹത്തിനുള്ള ഗുളികയും കഷായവുമാണ് അന്താരാഷ്ട്രതല ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ നിര്‍മ്മിച്ചത്. സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ട്രെഡിഷണല്‍ നോളജ് ഇന്നോവേഷന്‍ കേരളയാണ് (ടി.കെ.ഐ.കെ) സംരംഭത്തിന് പിന്നില്‍. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഉപകരിക്കുന്ന മരുന്നുകളാണിവ. കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ ഇപ്പോഴും വിദേശ വിപണിയിലുണ്ടെങ്കിലും ഇവയൊന്നും മരുന്നുകളുടെ വിഭാഗത്തിലല്ല ഉള്ളത്. ന്യൂട്രാസ്യൂട്ടിക്കല്‍സ് (ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന ഉത്പന്നങ്ങള്‍) എന്ന വിഭാത്തിലാണ് ഇവയുടെ സ്ഥാനം. അന്താരാഷ്ട്ര വിപണിയിലെ മരുന്നുകളായി അംഗീകരിക്കണമെങ്കില്‍ ലോക നിലവാരത്തിനനുസരിച്ച് മൃഗങ്ങളിലും മനുഷ്യരിലും വിജയകരമായി പരീക്ഷിക്കണം. തൃശൂര്‍ കേന്ദ്രമായുള്ള കെയര്‍ കേരളയുമായി (കോണ്‍ഫെഡറേഷന്‍ ഒഫ് ആയുര്‍വേദ റിനൈസന്‍സ് കേരള ലിമിറ്റഡ്) സഹകരിച്ചാണ് ടി.കെ.ഐ.കെ മരുന്നു നിര്‍മ്മാണരംഗത്തെ കടമ്പകള്‍ മറികടന്നത്. ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും ക്ലിനിക്കല്‍ ടെസ്റ്റ് വഴി മരുന്ന് വിജയകരമായി പരീക്ഷിച്ചു. അന്താരാഷ്ട്ര പ്രോട്ടോക്കോളുകളും പാലിച്ചാണ് മരുന്നുകളുടെ നിര്‍മ്മാണം. ഇനി ഇതിന്റെ വിപണിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വന്‍തോതില്‍ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍