വെള്ളം കയറി നശിച്ച അരി ഭക്ഷ്യ ഉത്പന്നങ്ങളാക്കരുതെന്ന് കോടതി

കൊച്ചി: പ്രളയത്തെത്തുടര്‍ന്നു വെള്ളം കയറി നശിച്ച അരിയും നെല്ലും സപ്ലൈകോയില്‍ നിന്നു ലേലത്തില്‍ എടുക്കുന്ന കമ്പനികള്‍ ഇവ ഭക്ഷ്യ ഉത്പന്നങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കില്ലെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രളയത്തില്‍ നശിച്ച അരിയും നെല്ലും ലേലത്തില്‍ പിടിക്കുന്ന കമ്പനികള്‍ ഇവ ഭക്ഷ്യ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആലപ്പുഴ സ്വദേശി കളര്‍കോട് വേണുഗോപാലന്‍ നായര്‍ ഉള്‍പ്പെടെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ലേലത്തില്‍ അരിയും നെല്ലും ഏറ്റെടുക്കുന്നവര്‍ തങ്ങള്‍ ഏതെങ്കിലും കരാര്‍ മില്ലുകാരോ ഇവരുടെ ഡയറക്ടര്‍മാരോ അല്ലെന്നും ഏറ്റെടുക്കുന്ന നെല്ലും അരിയും ഭക്ഷ്യോപത്പന്നങ്ങളാക്കി മാറ്റില്ലെന്നുമാണ് ഉറപ്പു നല്‍കേണ്ടത്. കോടതിയില്‍ നല്‍കുന്ന രേഖാമൂലമുള്ള ഉറപ്പിനു സമാനമാണ് ഇതെന്നും ഇങ്ങനെ നല്‍കുന്ന ഉറപ്പ് പാലിക്കാന്‍ ലേലം പിടിക്കുന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ള്ളം കയറി ഉപയോഗശൂന്യമായ നെല്ലും അരിയും വ്യാവസായിക ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാനാണ് സപ്ലൈകോ ലേലത്തിനു തയാറായത്. ഇതിനായി ടെന്‍ഡര്‍ നടപടികളും തുടങ്ങിയിരുന്നു. എന്നാല്‍, ഇതില്‍ ഇടപെട്ട ഹൈക്കോടതി ലേലത്തില്‍ അരിയും നെല്ലും ഏറ്റെടുക്കുന്നവര്‍ നല്‍കേണ്ട രേഖാമൂലമുള്ള ഉറപ്പിന്റെ കരട് തയാറാക്കി നല്‍കാന്‍ സപ്ലൈകോ എംഡിയോട് നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് വിവിധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരട് തയാറാക്കിയത്. ഇതില്‍ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍