ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ റേഷന്‍ കടകളിലെ സ്റ്റോക്കും പരിശോധിക്കാം

തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ തങ്ങളുടെ റേഷന്‍ കടകളിലെ സ്റ്റോക്കും പരിശോധിക്കാം. പൊതുവിതരണ പോര്‍ട്ടലിലാണ് ഈ സേവനം ലഭ്യമാവുക. ഇതിനുള്ള ക്രമീകരണങ്ങള്‍ ഭക്ഷ്യ വകുപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
epos.kerala.gov.in/Stock_ Register_Interface എന്ന ലിങ്കില്‍ കയറിയ ശേഷം ജില്ല ,താലൂക്ക്, റേഷന്‍ കടയുടെ നമ്പര്‍ എന്നിവ സെലക്ട് ചെയ്താല്‍ ആ കടയിലെ റേഷന്‍ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരം ലഭ്യമാക്കും. എത്ര കിലോ ഭക്ഷ്യധാന്യങ്ങള്‍ കടയില്‍ എത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. ഇതോടെ കടകളിലെ പൂഴ്ത്തിവെപ്പും മറിച്ചു വില്‍പ്പനയും നല്ലൊരു ശതമാനം വരെ തടയാനാകും. സാധനങ്ങള്‍ കടയില്‍ ഉണ്ടായിട്ടും റേഷന്‍ നിഷേധിച്ചാല്‍ പരാതി നല്‍കുകയും ചെയ്യാം. 
അതോടൊപ്പം റേഷന്‍ കടകളില്‍ ബ്ലൂടൂത്ത് സംവിധാനത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഇത്രാസിന്റെ പൈലറ്റ് പ്രവര്‍ത്തനം തലസ്ഥാനത്ത് ആരംഭിച്ചു. ബ്ലൂടൂത്ത് ഇബത്രാസുമായി ഇപോസ് യന്ത്രം ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പുകള്‍ തടയാനാകും. പദ്ധതി ഉടന്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍