കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു.ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി വ്യക്തമാക്കി. അതേസമയം, നിലവിലെ പ്രതിസന്ധി കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്ത് ഇന്നും സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 50 സര്‍വീസ്, കൊല്ലത്ത് 42 ഷെഡ്യൂള്‍ എന്നിവ മുടങ്ങി. കോട്ടയത്തുനിന്ന് പമ്പയിലേക്കുള്ള 21 സ്‌പെഷല്‍ സര്‍വീസുകളും മുടങ്ങി. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്. കണ്ടക്ടര്‍മാരില്ലാത്തതോടെ മലബാര്‍ മേഖലയിലെ സര്‍വീസിനെയാണ് കാര്യമായി ബാധിച്ചത്. വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി. തിരുകൊച്ചി സര്‍വീസുകളേയും ജനറല്‍ സര്‍വീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍