ടൂറിസം മേഖലയില്‍ ഉണര്‍വ്; വിദേശ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി

കൊച്ചി: പ്രളയദുരന്തത്തെത്തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് വിദേശ വിനോദ സഞ്ചാരികളുടെ വലിയ സംഘം എത്തുന്നത്. സംസ്ഥാനത്തെ പ്രളയം വിദേശ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ഇടം നേടിയപ്പോള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത് ടൂറിസം മേഖലയെയായിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടുകളും യാത്രാ സൗകര്യങ്ങളും പൂര്‍ണമായും തകര്‍ന്നു എന്ന രീതിയിലുള്ള പ്രചാരണമാണുണ്ടായത്. ഓണം സീസണിലെ ടൂറിസം വ്യവസായം വന്‍ നഷ്ടത്തിലായിരുന്നു. തുടര്‍ന്നുള്ള മൂന്നു മാസം കേരളത്തിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. പ്രളയത്തിനു ശേഷം ഉണ്ടായേക്കാവുന്ന മാലിന്യപ്രശ്‌നങ്ങളും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചേക്കാമെന്ന ഭീതിയും സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ രണ്ടു വിമാനങ്ങളിലായി എത്തിയ അറുന്നൂറോളം വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്കിയത്. കൊച്ചി കായലില്‍ ബോട്ട് യാത്ര, ഫോര്‍ട്ടുകൊച്ചി സന്ദര്‍ശനം, മട്ടാഞ്ചേരി സന്ദര്‍ശനം, മറൈന്‍ഡ്രൈവ്, ബ്രോഡ്‌വേ എന്നിവിടങ്ങളില്‍ വാക്കിംഗ് ടൂര്‍ എന്നിവയാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈക്കം, കുമ്പളങ്ങി എന്നിവിടങ്ങളിലെ ടൂറിസം ഗ്രാമങ്ങളിലും സന്ദര്‍ശനം നടത്തും. കൊച്ചി ബിനാലെയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തയാറായിക്കഴിഞ്ഞു. ആലപ്പുഴയില്‍ ഒരു ദിവസത്തെ ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസം സംഘം ഇവിടെ ചെലവഴിക്കും. പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും സംഘമെത്തും. ലെ പാസേജ് ടു ഇന്ത്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്. 'നമ്മള്‍ തയാറായി' എന്ന സന്ദേശം ലോകത്തിനു മുമ്പില്‍ എത്തിയതിന്റെ തെളിവാണ് വിദേശ സഞ്ചാരികളുടെ വരവ് തെളിയിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു. ഒരു ദിവസം കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെ ചെലവഴിക്കാനുള്ള അവസരം കൊടുക്കുകയാണ് ബിനാലെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍