ബാലന്‍ ഡി ഓര്‍ ഒരു പതിറ്റാണ്ട് നീണ്ട മെസി , റൊണാള്‍ഡോ തേരോട്ടത്തിന് അന്ത്യം

പാരീസ്: ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ആന്‍ത്വാന്‍ ഗ്രീസ്മാനെയും പിന്തള്ളി ലൂക്ക മോഡ്രിച്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണല്‍ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തേരോട്ടത്തിന് ഇതോടെ അന്ത്യമായി. 2007ല്‍ ബ്രസീലിയന്‍ താരം കക്ക ബാലന്‍ ഡി ഓര്‍ നേടിയതിനുശേഷം മെസിയും റൊണാള്‍ഡോയും മാത്രമേ ഈ പുരസ്‌കാരം നേടിയിട്ടുള്ളൂ.
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുകയും ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ലൂക്ക മോഡ്രിച്ചിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു. ഈ പുരസ്‌കാരം നേടുന്ന പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍നിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ല്‍ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവര്‍ ലോതര്‍ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.മോഡ്രിച്ചിന് പിന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രാന്‍സിന്റെ കിരീട നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഗ്രീസ്മാനും കിലിയന്‍ എംബാപ്പെയും എത്തി. ലയണല്‍ മെസി അഞ്ചാം സ്ഥാനത്തും ഒരു സമയത്ത് പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല ആറാമതുമെത്തി. റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍, ഹാരി കെയ്ന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍