ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ നിര്‍ദേശം

കൊച്ചി: മൂന്നംഗ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ഹൈക്കോടതി നിര്‍ദേശം. 
നടയടച്ചശേഷം ദര്‍ശനത്തിനെത്തുന്ന ഭക്തരെ ശരംകുത്തിയില്‍ തടയരുത്. സന്നിധാനത്തു വാവര് നട, മഹാ കാണിക്ക, താഴേ തിരുമുറ്റം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ ബാരിക്കേഡുകള്‍ പുനഃക്രമീകരിക്കണമെന്നും ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഹൈക്കോടതിയാണു നിരീക്ഷണസമിതിയെ നിയോഗിച്ചത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ കടകളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ക്കു പരിശോധന തുടരാം. സ്ഥിതി സാധാരണനിലയിലാകുന്നതോടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനു ഡിജിപി ഉചിതമായ നിര്‍ദേശം നല്‍കണം. എന്നാല്‍ ശബരിമലയില്‍ പ്രതിഷേധം പാടില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാമെന്നും കോടതി വ്യക്തമാക്കി. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ജലവിതരണം, കുടിവെള്ള വിതരണം, അന്നദാനം, ഭക്തരുടെ താമസം തുടങ്ങിയ സൗകര്യങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. നിലയ്ക്കലിലെ പോലീസ് ബാരക്കുകളില്‍ എസി സ്ഥാപിക്കുന്നതിനും താത്കാലിക വൈദ്യുതി കണക്ഷന്‍ ഗാര്‍ഹിക കണക്ഷനാക്കി മാറ്റുന്നതിലും കെഎസ്ഇബി നിലപാട് അറിയിക്കണം. 
നിലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യുന്നതിലും കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുന്നതിലും പന്പ ത്രിവേണി ജംഗ്ഷനു തെക്കുഭാഗത്തായി ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിക്കുന്നതിലും ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കണം. കാട്ടാനകളുടെയും പാമ്പുകളുടെയും ശല്യമൊഴിവാക്കാന്‍ എലിഫന്റ് സ്‌ക്വാഡ്, പാമ്പുപിടിത്തക്കാര്‍ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണം. പമ്പയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു വനഭൂമി വിട്ടുനല്‍കുന്നതില്‍ റാന്നി ഡിഎഫ്ഒ ഒരാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണം. നിലയ്ക്കലിലെ കണ്ടെയ്‌നര്‍ ടൈപ് ടോയ് ലെറ്റുകളില്‍ ഫ്‌ള ഷ് സൗകര്യമുള്ള വാട്ടര്‍ ടാങ്കുകള്‍ വേണമെന്ന നിരീക്ഷണ സമിതിയുടെ ശിപാര്‍ശയില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം. 
നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു പോകുന്ന ഭക്തര്‍ മടക്കയാത്രയുടെ ടിക്കറ്റ് കൂടി എടുക്കണമെന്നു നിര്‍ബന്ധിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി നല്‍കിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍