മകന്റെ അടുത്തെത്താന്‍ വെമ്പല്‍ കൊണ്ട് ഒരമ്മ മനസ്; പക്ഷേ ട്രംപ് കനിയണം...!

ന്യൂയോര്‍ക്ക്: മസ്തിഷ്‌കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം... അവനെ ചേര്‍ത്തുപിടിച്ച് ഇരിക്കണം. യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം. എന്നാല്‍ വിധി എതിരായി. കലിഫോര്‍ണിയയില്‍ ചികിത്സയിലുള്ള മകനെ ഒരു നോക്ക് കാണാനാകാതെ വിതുമ്പുകയാണ് ഈ അമ്മ. ജന്മനാ മസ്തിഷ്‌കരോഗം ബാധിച്ച രണ്ടു വയസുകാരന്‍ അബ്ദുള്ള ഹസന്റെ മാതാവാണ് ഷൈമ. മരണത്തിന്റെ നൂല്‍പാലത്തിലൂടെ യാത്ര ചെയ്യുകയാണ് അബ്ദുള്ള. തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതുകയും ചെയ്തു. കാര്യങ്ങള്‍ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താന്‍ ഷൈമക്കാകുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ ചില നിയമങ്ങളാണ് ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നില്‍ മതിലു കെട്ടിയത്. അഭയാര്‍ഥി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാവിലക്കാണ് മകനൊപ്പം ചെലവഴിക്കാനുള്ള ഷൈമയുടെ ആഗ്രഹങ്ങള്‍ക്ക് തടസമായത്. അമേരിക്കന്‍ പൗരനായ ഭര്‍ത്താവ് അലി ഹസനാണ് മകനൊപ്പം ആശുപത്രിയിലുള്ളത്. എന്നാല്‍, അമ്മയുടെ സമീപ്യത്തിന് പകരമാകില്ലല്ലോ ഒന്നും. നിലവില്‍ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്. കുട്ടിയെ ഈജിപ്തിലേക്ക് മാറ്റുന്നത് ജീവനു കൂടുതല്‍ ഭീഷണിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കനിയുമെന്ന പ്രതീക്ഷയില്‍ ഷൈമയും കുടുംബവും കാത്തിരിക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കൊപ്പം ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കുമാണ് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍