ഫാസ്റ്റ്ഫുഡിലെയും പലഹാരങ്ങളിലെയും കൃത്രിമ കൊഴുപ്പ് നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഫാസ്റ്റ് ഫുഡിലെയും ബേക്കറി ഉത്പന്നങ്ങളിലെയും കൊലയാളി എണ്ണയായ ട്രാന്‍സ്ഫാറ്റിനെ നിരോധിക്കാന്‍ കേന്ദ്രം. ആദ്യഘട്ടത്തില്‍ ട്രാന്‍സ്ഫാറ്റ് അഥവാ ട്രാന്‍സ്ഫാറ്റി ആസിഡിന്റെ (ടി.എഫ്.എ) അളവ് നിയന്ത്രിക്കാനാണ് ഇന്ത്യന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ) പദ്ധതിയിടുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ആകെ കൊഴുപ്പിന്റെ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ട്രാന്‍സ്ഫാറ്റ് പാടില്ലെന്ന പുതിയ നിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും. നിലവിലെ അനുവദനീയമായ അളവ് 5 ശതമാനമാണ്. ജനങ്ങളെ ബോധവത്കരിക്കാന്‍ 'ഹാര്‍ട്ട് അറ്റാക്ക് റിവൈന്‍ഡ്' എന്ന പ്രചാരണ പരിപാടി തുടങ്ങും. 
ഭക്ഷ്യവസ്തുക്കളില്‍ സ്വാദിനും കേടുകൂടാതിരിക്കാനും ചേര്‍ക്കുന്ന കൃത്രിമ കൊഴുപ്പാണ് ട്രാന്‍സ്ഫാറ്റ്. സസ്യ എണ്ണയില്‍ ഹൈഡ്രജന്‍ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഇതോടെ സസ്യ എണ്ണ ഖരരൂപത്തിലാവും. നമ്മുടെ നാട്ടില്‍ ബിരിയാണിയിലും ബേക്കറി പലഹാരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന വനസ്പതി ട്രാന്‍സ്ഫാറ്റിന് ഒരു ഉദാഹരണമാണ്.
സ്വാഭാവിക വെണ്ണ, നെയ്യ് എന്നിവയെക്കാള്‍ ലാഭകരമാണ് ട്രാന്‍സ്ഫാറ്റുകള്‍. ബേക്കറി പലഹാരങ്ങളിലെ മുഖ്യ ഘടകങ്ങളായ ബേക്കറി ഷോര്‍ട്ടനിംഗ്, വെള്ളവും 80 ശതമാനം കൊഴുപ്പും ചേര്‍ന്ന മാര്‍ഗരിന്‍ എന്നിവയും ട്രാന്‍സ്ഫാറ്റുകളുടെ നിറകുടമാണ്. കേക്കുകളില്‍ ഉപയോഗിക്കുന്ന പേസ്ട്രി മറ്റൊരു ഉദാഹരണം.വ്യാവസായികമായി നിര്‍മ്മിക്കുന്ന ട്രാന്‍സ്ഫാറ്റുകള്‍ക്ക് ഒരു പോഷകഗുണവുമില്ല. ചെയ്യുന്നത് ദോഷം മാത്രം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. രക്തക്കുഴലില്‍ അടിഞ്ഞ് ഹൃദയാഘാതമുണ്ടാക്കും. ഇവ പ്രമേഹത്തിനും കാന്‍സറിനും വഴിതെളിക്കുമെന്ന് തെളിഞ്ഞതായും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.നന്ദിത മുരുകുത്‌ല പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍