ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തിയത് ജാര്‍ഖണ്ഡ് സംഘം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പു ജാര്‍ഖണ്ഡിലെ ജാംതാരയിലെ ഏഴ് സംഘങ്ങളാണ് നടത്തിയതെന്ന് പോലീസിന്റെ സൈബര്‍ ഡോം കണ്ടെത്തി. കേരളത്തില്‍ നിന്നു ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജാര്‍ഖണ്ഡ് ഡിജിപിക്കും റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന പോലീസ് അയച്ചുകൊടുത്തു. പണരഹിത ഇടപാടുകള്‍ നടത്താനുള്ള ബാങ്കിംഗ് ആപ്ലിക്കേഷനുകളില്‍ കടന്നുകയറി, വന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളാണ് ഇവര്‍ നടത്തി വന്നത്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമടക്കമുള്ളവര്‍ തട്ടിപ്പിന് ഇരയായി. 15 ലക്ഷത്തിലേറെ രൂപയാണ് ഇവര്‍ക്കു നഷ്ടമായതെന്നും പോലീസ് പറയുന്നു. ബാങ്ക് ആപ്ലിക്കേഷനുകളിലെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഉടനടി പരിഹരിക്കണമെന്നും സൈബര്‍ഡോം റിസര്‍വ് ബാങ്കിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു സൈബര്‍ പോലീസ് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് ഇപ്പോള്‍ പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും. ഈ നമ്പറിലേക്ക് ആദ്യം ഒരു എസ്എംഎസ് അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. എന്‍ക്രിപ്റ്റഡ് സന്ദേശമായതിനാല്‍ വായിച്ചാല്‍ മനസിലാവില്ല. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ റീ ആക്ടിവേറ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങളാണിതെന്ന് അറിയിക്കും. ഒഴുക്കുള്ള ഇംഗ്ലീഷിലാണ് സംഭാഷണം. മൊബൈലില്‍ ലഭിച്ച സന്ദേശം ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നന്പറിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടും. ഈ സന്ദേശം ലഭിക്കുന്നത് തട്ടിപ്പുകാരന്റെ നമ്പറിലേക്കായിരിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പര്‍ അറിയാനാണിത്. ഇതേസമയം തട്ടിപ്പുകാരന്‍ ബാങ്കിന്റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, സന്ദേശം ലഭിച്ച നന്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യും. ഈ നമ്പറില്‍ ഏതൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തട്ടിപ്പുകാരന് ഇതോടെ അറിയാനാകും. തട്ടിപ്പുകാരന്റെ ഫോണിലെ വെര്‍ച്വല്‍ ഐഡിയില്‍ ഈ അക്കൗണ്ടുകള്‍ ലിങ്ക് ആകും. ഈ സമയം എം പിന്‍ ജനറേറ്റ് ചെയ്യാനുള്ള ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒടിപി) അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. ഈ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. ഒ.ടി.പി ലഭിക്കുന്നതോടെ എത്ര പണമിടപാട് വേണമെങ്കിലും തട്ടിപ്പുകാരന് നടത്താനാവും. ഒരുദിവസം ഒരുലക്ഷം രൂപ പിന്‍ നമ്പര്‍ കൂടാതെ പിന്‍വലിക്കാം.അക്കൗണ്ടിലെ ബാക്കിതുക അറിയാനുമാവും. രാത്രി 11,30നും 12നുമിടയിലാണ് ഓരോ ലക്ഷം വീതം ചില അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍