രാജ്യത്ത് ഉള്ളിവില താഴുന്നത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു

മുംബൈ:രാജ്യത്ത് ഉള്ളിവില താഴുന്നത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. മഹാരാഷ്ട്രയില്‍ 2,657കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന്റെ ലാഭം വെറും ആറ് രൂപ. അഹമ്മദ് നഗര്‍ ജില്ലയിലെ കര്‍ഷകനായ ശ്രേയസ് അബ്ഹല്ലെയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സാങ്കംനഗര്‍ മൊത്ത കച്ചവട മാര്‍ക്കറ്റില്‍ 2657കിലോ ഉള്ളിയാണ് ശ്രേയസ് വിറ്റത്. 2,916 രൂപയായിരുന്നു കിട്ടിയ തുക. എല്ലാ ചിലവും കഴിഞ്ഞ് ബാക്കി കൈയ്യില്‍ കിട്ടിയത് ആറ് രൂപയാണ്. ഇതില്‍ നിരാശനായ ശ്രേയസ് മിച്ചം വന്ന ആറ് രൂപ മുഖ്യമന്ത്രിക്ക് മണി ഓര്‍ഡറായി അയച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണ് പണം അയച്ചുകൊടുത്തതെന്ന് ശ്രേയസ് വ്യക്തമാക്കി.ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് കൃഷിക്കായി ചിലവായത്. ലാഭമായി കിട്ടിയത് വെറും ആറ് രൂപയും. മറ്റു കടങ്ങള്‍ എങ്ങനെ വീട്ടും എന്ന ആശങ്കയിലാണ് താനെന്നും ശ്രേയസ് വ്യക്തമാക്കി. ഉള്ളി കച്ചവടം ചെയ്ത അതേ ദിവസം തന്നെയാണ് ശ്രേയസ് ലാഭവിഹിതം മുഖ്യമന്ത്രിക്ക് മണി ഓഡറായി അയച്ചത്. അടുത്തിടെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കര്‍ഷകനും 750കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയത് 1064രൂപയായിരുന്നു. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കയച്ച് കൊടുത്തായിരുന്നു ഇയാള്‍ പ്രതിഷേധം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍