നാടു നീങ്ങിയ യുദ്ധക്കൊതിയന്‍

ലോക പോലീസിന്റെ പഴയ ഡയറക്ടര്‍ ജനറല്‍ ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് എന്ന ബുഷ് ഒന്നാമന്‍ ഈയടുത്ത ദിവസം നിര്യാതനായി.ലോകത്തെ ഒരു വന്‍ ശക്തിയുടെ തലതൊട്ടപ്പന്‍ തന്റെ ഭരണ കാലയളവില്‍ എങ്ങിനെയായിരിക്കണമെന്നാണോ ലോകര്‍ ആഗ്രഹിച്ചിരുന്നത് അങ്ങിനെയല്ലാതെ വര്‍ത്തിക്കുകയും തന്റെ അജണ്ടയില്‍ യുദ്ധകൊതിക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്ത ശക്തനായ അമേരിക്കന്‍ ഭരണാധികാരിയായിരുന്നു ബുഷ് സീനിയര്‍. ആ രാജ്യത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞുപോയ പ്രസിഡണ്ടുമാരുടെ നിരയില്‍ അച്ഛനും മകനും പ്രസിഡണ്ടുമാരായവര്‍ രണ്ട് ജോഡികളുണ്ടായിരുന്നു.ഒന്ന് അച്ഛന്‍ ബുഷും(1989-93) മകന്‍ ബുഷും (2001-2009). രണ്ടാമത്തേത് അവ ര്‍ക്ക് ഏറെ പൂര്‍വ്വികരായ ജോണ്‍ ആഡംസും (1797-1801) മകന്‍ ജോണ്‍ ക്വിന്‍സി ആഡംസും (1825-1829). ഈ പഴയ ജോഡി അച്ഛനും മകനും അമേരിക്കന്‍ ഐക്യനാടുകളുടെ വികസ്വര കാലത്തായിരുന്നു ഭരണ ചക്രം തിരിച്ചിരുന്നത്.അതുകൊണ്ട് തന്നെ ലോകത്തെ കൈപ്പിടിയിലൊതുക്കാനോ അധിനിവേശങ്ങള്‍ നടത്താനോ അവര്‍ക്കവസരമുണ്ടായിരുന്നില്ല.എന്നാല്‍ ബുഷുമാര്‍ രണ്ടും അതില്‍ നിന്നും വിപരീതമായി ലോകത്തെ കൈപ്പിടിയിലൊതുക്കാനും അനധികൃത വിദേശ അധിനിവേശങ്ങള്‍ നടത്താനും ഏറെ കൊതിച്ചവരും തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെയും മേല്‍ക്കോയ്മയുടെയും പേര് പറഞ്ഞ് യുദ്ധക്കൊതിയുമായി നടന്നവരും തന്നെ.
സീനിയര്‍ ബുഷ് ചില്ലറക്കാരനൊന്നുമല്ല.ഏറെ സമ്പന്നമായ കുടുംബത്തിലെ സന്തതി.18-ാം വയസ്സില്‍ ടോര്‍പിഡോ ബോംബര്‍ പൈലറ്റായി തന്റെ കരിയര്‍ ജീവിതം ആരംഭിച്ചു.അതോടൊപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവുമെടുത്തു.പൈലറ്റായിരിക്കേ പസഫിക്കിന് മുകളില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും മരണം വരിക്കാതെ രക്ഷപ്പെട്ട ഒരേയൊരു വൈമാനികന്‍.പിന്നീട് പൈലറ്റായി അധികനാള്‍ തുടര്‍ന്നില്ല.ടെക്‌സാസിലെ എണ്ണക്കമ്പനിയില്‍ എക്‌സിക്യൂട്ടീവായായിരുന്നു അടുത്ത ഊഴം. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം തൊഴില്‍ മേഖല വീണ്ടും മാറ്റി അമേരിക്കന്‍ രഹസ്യാന്വേഷണ സേനയില്‍(സി.ഐ.എ) ചേര്‍ന്നു.സി.ഐ.എയുടെ തലവനായി വരെ ഉയര്‍ന്ന ശേഷം വിരമിച്ച് റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തിലെത്തി.തുടര്‍ന്ന് അമേരിക്കയുടെ ചൈനയിലെ അംബാസഡറും അതിന് ശേഷം രണ്ട് തവണ യു.എസ് വൈസ് പ്രസിഡണ്ടും അവസാനം പ്രസിഡണ്ടുമായി.എന്നാല്‍ പ്രസിഡണ്ടു പദവിയിലേക്കുള്ള രണ്ടാമങ്കത്തില്‍ വിജയം കണ്ടില്ല.അങ്ങിനെ 1993 ന് ശേഷം വിരമിച്ച് പ്രസിഡണ്ടായി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ട് കഴിയവെയാണ് ഇപ്പോള്‍ അദ്ദേഹത്തെ മരണം തേടിയെത്തിയിരിക്കുന്നത്.
അമേരിക്കയെ ലോകത്തെ ആയുധകച്ചവടക്കാരുടെ മുന്‍നിരയിലെത്തിച്ചത് ബുഷ് സീനിയറായിരുന്നു.അതിനദ്ദേഹത്തിന് പ്രചോദനം തന്റെ വ്യവസായികളായിരുന്ന പൂര്‍വ്വ പിതാക്കളും സി.ഐ.എയിലെ തൊഴില്‍ പരിചയവും.1990 ല്‍ സദാം ഹുസ്സയിന്റെ നേതൃത്വത്തില്‍ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അവരെ അവിടെ നിന്നും തുരത്താന്‍ കുവൈറ്റിനെ സഹായിച്ചായിരുന്നു ബുഷിന്റെ യുദ്ധരംഗത്തെ തുടക്കം.'ഓപ്പറേഷന്‍ ഡസേര്‍ട്ട് ഷീല്‍ഡ്' എന്നറിയപ്പെട്ട ആ യുദ്ധം 1990 ഫിബ്രവരിയോടെ അവസാനിക്കുകയും സദാംഹുസ്സയിന്‍ അടിയറവ് പറയുകയും ചെയ്തു.
എന്നാല്‍ അതേ ഇറാക്കില്‍ അമേരിക്കന്‍ സേന 2003 ല്‍ മകന്‍ ബുഷിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ ഇറാക്കി ഫ്രീഡം' എന്ന അധിനിവേശം നടത്തി സദാംഹുസ്സയിനെ പുറത്താക്കുകയും അത് വഴി ഏറെക്കാലം ആ രാജ്യം കുട്ടിച്ചോറാവുകയും ചെയ്തു.ഇതിനു നേതൃത്വം നല്‍കാന്‍ വിധിക്കപ്പെട്ട മകന് അച്ഛന്റെ ഉപദേശങ്ങളുമുണ്ടായിരുന്നിരിക്കാം.മകന്‍ ബുഷ് അച്ഛനെ പോലെയോ അല്ലെങ്കില്‍ അതിലധികമോ യുദ്ധക്കൊതിയനായിരുന്നു.അഫ്ഗാനിസ്ഥാനിലെ ഇടപെടലും ബിന്‍ലാദനെ പിടികൂടിയതുമെല്ലാം മകന്‍ ബുഷിന്റെ കാലത്തു തന്നെ.
അതേ സമയം അമേരിക്കന്‍ നയതന്ത്രരംഗത്തും വിദേശങ്ങളിലും രേഖപ്പെടുത്തപ്പെട്ട ചില മാറ്റങ്ങളും സീനിയര്‍ ബുഷിന്റെ കാലത്തുണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കാനും കഴിയില്ല.ബര്‍ലിന്‍ മതിലിന്റെ പ്രസക്തി നഷ്ടപ്പെടുകയും ഇരു ജര്‍മ്മനികളും ഒന്നാവുകയും ചെയ്തു.യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ആധിപത്യമുണ്ടായിരുന്ന ചില രാജ്യങ്ങളില്‍ അങ്ങിനെയൊരു സംവിധാനം ഇല്ലാതായി.സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളില്‍ പലതും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വന്തം അസ്ഥിത്വം ഉറപ്പിച്ചു.ബാക്കിയായ റഷ്യയ്ക്ക് ഗോര്‍ബചേവിന്റെ കാര്‍മികത്വത്തില്‍ ക്രമേണ ശക്തിക്ഷയം സംഭവിക്കുന്നതും അമേരിക്കയോട് കിടപിടിക്കാന്‍ മറ്റൊരു വന്‍ ശക്തി ഇല്ലാതായിക്കൊണ്ടിരുന്നതും സീനിയര്‍ ബുഷിന്റെ കാലത്തു തന്നെ.ഇനിയുമുണ്ടൊരുപാട് അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ അമേരിക്കയുമായി ബന്ധപ്പെട്ട് ബുഷിന്റെ കാലത്തുണ്ടായവ.ഏതായാലും ഒരു കാര്യം അനിഷേധ്യമാണ് ഇറാക്ക് അഫ്ഗാനിസ്ഥാന്‍ തുടങ്ങി പല മേഖലകളിലും ലക്ഷണക്കിന് നിരപരാധികള്‍ കൊല്ലപ്പെടാനും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കാനും അച്ഛന്‍ ബുഷിന്റെയും മകന്‍ ബുഷിന്റെയും വികാരവിചാരങ്ങളു അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഹേതുവായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍