ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു: ബാലാവകാശ കമ്മീഷന്‍

കാക്കനാട്: ശബരിമലയില്‍ നടന്ന സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍. ഇതു സംബന്ധിച്ച് നാല്പത് പരാതികള്‍ കിട്ടിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളും ഫോട്ടോകളും ഇത് ശരിയാണെന്ന് തെളിയിച്ചതായും കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുട്ടികളെ കവചമായി ഉപയോഗിക്കുന്നത് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയെടുക്കേണ്ടത് പോലീസാണ്. ശബരിമലയില്‍ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയില്ല. ഇതു സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. ഇക്കാര്യത്തില്‍ പോലീസിനോട് വിശദീകരണം തേടും. ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍ സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. റോഡിലെ കുഴികള്‍ നികത്താത്തതില്‍ പ്രതിഷേധിച്ചും റോഡുപണി നടത്തുന്നതിനും വേണ്ടി കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്നതും ബാലാവകാശ നിയമം അനുസരിച്ച് കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ നിരവധി ഫിസിയോ തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം രക്ഷിതാക്കളെ പോലും കയറ്റാതെ ഒറ്റമുറിയില്‍ തെറാപ്പിക്ക് കുട്ടികളെ മാത്രം കയറ്റുന്നതിലെ അപാകതകള്‍ നിരീക്ഷിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്ന പരാതികള്‍ സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കും. പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷന്‍, ബ്ലോക്ക്, ജില്ലാതല സമിതികള്‍ സജീവമാക്കും. ഇപ്പോള്‍ ജില്ലാ സമിതികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ തീരുമാനമെടുക്കും. ബാലാവകാശ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍