ഡ്രൈവിംഗിനിടെ മൊബൈല്‍ സംസാരം: ലൈസന്‍സ് കിട്ടിയ ദിവസംതന്നെ തിരികെ വാങ്ങി

കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷവാര്‍ത്ത വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണിലൂടെ വിളിച്ചറിയിച്ച കാക്കനാട് സ്വദേശിയുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ മിനിറ്റുകള്‍ക്കകം തിരികെവാങ്ങി. 
ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷത്തില്‍ തിരിച്ചു കാര്‍ ഡ്രൈവ് ചെയ്തു പോകുന്‌പോള്‍ ഫോണില്‍ സംസാരിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണില്‍പ്പെട്ടതാണ് വിനയായത്. ടെസ്റ്റ് പാസായി ഒരു മണിക്കൂറിനുള്ളിലാണ് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍ ലൈസന്‍സ് തടഞ്ഞുവച്ചത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ലൈസന്‍സില്‍ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥന്റെ മുമ്പിലൂടെയാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവാവ് കാര്‍ ഓടിച്ച് പോയത്. കൈയോടെ പിടികൂടി ഇയാളോട് വൈകുന്നേരം ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകുന്നേരം നാലിന് ആര്‍ടി ഓഫീസിലെത്തി ലൈസന്‍സ് കൈപ്പറ്റി എംവിഐ എല്‍ദോ വര്‍ഗീസിനടുത്ത് ഹാജരായി. ലൈസന്‍സ് തിരികെ വാങ്ങിയ എംവിഐ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ജോയിന്റ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. അനില്‍കുമാറിനോട് അടുത്ത ബുധനാഴ്ച 10ന് ജോയിന്റ് ആര്‍ടിഒ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍