തണുപ്പു കാലത്തും രക്ഷയില്ല, സര്‍വ്വത്ര ചൂട് തന്നെ

കോഴിക്കോട്: കേരളത്തില്‍ ശൈത്യകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ ഇക്കുറി പതിവില്‍ കവിഞ്ഞ ചൂടിനു സാധ്യത.സാധാരണ ഗതിയില്‍ നവംബര്‍ മാസം മുതല്‍ കേരളത്തില്‍ ചൂടു കുറഞ്ഞ് ശൈത്യകാലാവസ്ഥയാകാറുണ്ട്.പുലര്‍ച്ചെയും രാത്രിയുമായിരിക്കും നല്ല തണുപ്പ്.പകല്‍ സമയങ്ങളില്‍ ചൂട് താരതമ്യേന കുറവുമായിരിക്കും.കാലാവസ്ഥാ വ്യതിയാനം കാരണം കുറച്ചു വര്‍ഷങ്ങളായി തണുപ്പു കാലത്തു പോലും സാമാന്യം നല്ല ചൂടാണ് അനുഭവപ്പെടാറ്.പുലര്‍ച്ചെയും രാത്രിയും മുന്‍കാലങ്ങളെ അപേക്ഷിച്ച് തണുപ്പ് കുറവാണ്.
ഇക്കുറി ചൂട് കുറച്ച് കൂടി കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പഠനങ്ങള്‍ പറയുന്നത്.പസഫിക് സമുദ്രോപരിതലത്തില്‍ താപം പതിവിനേക്കാള്‍ വര്‍ദ്ധിച്ചത് ഇന്ത്യയില്‍ ശൈത്യകാലത്ത് ചൂടുകൂടാന്‍ ഇടയാക്കും.എല്‍നിനോ പ്രതിഭാസമാണ് ഉഷ്ണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്.സമുദ്രാന്തരീക്ഷത്തില്‍ സ്വതവേയുള്ള അവസ്ഥ മാറുന്ന പ്രതിഭാസമാണ് എല്‍നിനോ.
പസഫിക് സമുദ്രോപരിതലത്തില്‍ താപം വര്‍ദ്ധിച്ച് ആഗോള തലത്തിലേക്ക് മാറും.എല്‍നിനോയ്ക്ക് ഇക്കുറി സാധ്യതയുണ്ടെന്നതാണ് ഇന്ത്യയില്‍ ചൂട് വര്‍ദ്ധിക്കാന്‍ ഒരു കാരണം.കേരളവും ഇതില്‍ നിന്നു മുക്തമല്ല.ഡിസംബര്‍ - ഫെബ്രുവരി മാസങ്ങളില്‍ പതിവിനേക്കാള്‍ ചൂടു കൂടുമെന്നു തന്നെയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം.തുടര്‍ന്നു മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള ഉഷ്ണകാലത്ത് കഠിനമായ ചൂടായിരിക്കും കേരളത്തെ കാത്തിരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍