ഇന്റര്‍നെറ്റ് വേഗത കൂടും, ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണം വിജയം

ബംഗളൂരു: അതിവേഗ ഇന്റര്‍നെറ്റ് സേവനം ലക്ഷ്യമിട്ട് ഇന്ത്യയുടെ 'ജിസാറ്റ്11' ഫ്രഞ്ച് ഗയാനയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ്11 വലിയപക്ഷി അഥവാ ബിഗ് ബേഡ് എന്ന ഓമനപേരിലാണ് അറിയപ്പെടുന്നത്. 5,845 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏരിയന്‍5 റോക്കറ്റിന്റെ ചിറകിലേറിയാണ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്.
ബ്രോഡ് ബാന്‍ഡ് സേവനങ്ങളെ ശക്തിപ്പെടുത്തി ഇന്ത്യയിലെ വിവിധ മേഖലകളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ജിസാറ്റ്11ന് 15 വര്‍ഷമാണ് പ്രതീക്ഷിത ആയുസ്. സിഗ്‌നലുകളുടെ വിനിമയത്തിന് ഉതകുന്ന 40 ട്രാന്‍സ്‌പോണ്‍ഡറുകളാണ് ഉപഗ്രഹത്തിലുള്ളത്. ഈ ഗണത്തില്‍പ്പെട്ട ജിസാറ്റ്19, ജിസാറ്റ്29 എന്നിവ നേരത്തേ വിക്ഷേപിച്ചിരുന്നു. മേയ് 26 ന് തീരുമാനിച്ചിരുന്ന ജിസാറ്റ്11ന്റെ വിക്ഷേപണം ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റിവയ്ക്കുകയായിരുന്നു.
ഏരിയന്‍ സ്‌പേസ് എന്ന കമ്പനിയില്‍ നിന്നും വാടകയ്‌ക്കെടുത്ത ഏരിയന്‍ 5 റോക്കറ്റിലാണ് ഏതാണ്ട് 600 കോടി രൂപ ചെലവിലാണ് ജി സാറ്റ് 11 വിക്ഷേപിച്ചിരിക്കുന്നത്. കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ ഉപഗ്രഹ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനും ഉപഗ്രഹം സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍