നടി മഞ്ജുവാരിയര്‍ നിലപാട് വ്യക്തമാക്കണമെന്നു ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: ഒടിയന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നടി മഞ്ജു വാരിയര്‍ നിലപാടു വ്യക്തമാക്കണമെന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാരിയരുമായി ബന്ധപ്പെടുത്തി കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന ഗോസിപ്പുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്കു തന്നോടു ശത്രുതയുണ്ട്. ഇവരാകാം ഇത്തരം ആക്ഷേപങ്ങള്‍ക്കു പിന്നില്‍. ഇക്കാര്യത്തില്‍ മഞ്ജു വാരിയര്‍ നിലപാടു വ്യക്തമാക്കേണ്ടതായിരുന്നു. തെളിവു കിട്ടുംവരെ ശത്രുക്കളുടെ പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്നും മീറ്റ് ദ പ്രസില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. സിനിമ പുറത്തിറങ്ങിയശേഷം സംവിധായകനായ താന്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന സംഭവത്തില്‍ നടന്‍ മോഹന്‍ലാല്‍ അഭിപ്രായം പറയേണ്ടതില്ല. ഒടിയന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അതു സംവിധായകനെന്ന നിലയില്‍ തന്റെ പോരായ്മായായി കാണും. 
രണ്ടാമൂഴവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍നായരുമായി തര്‍ക്കമില്ല. ചില തെറ്റിദ്ധാരണകള്‍ മാത്രമേ ഇക്കാര്യത്തിലുള്ളൂ. ഇതു വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍