പശ്ചിമേഷ്യയുടെ പോലീസല്ല യുഎസ്: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയുടെ പോലീസുകാരനാവാന്‍ യുഎസ് ആഗ്രഹിക്കുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍ലിക്കാനുള്ള തീരുമാനം അപക്വമാണെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ്. ഒരു നേട്ടവും കിട്ടാതെ വിലപ്പെട്ട ജീവനുകള്‍ ഹോമിച്ചും കോടിക്കണക്കിനു ഡോളര്‍ പൊടിച്ചും മറ്റുള്ളവരെ സംരക്ഷിച്ചിട്ടെന്തു കാര്യമെന്നു ട്രംപ് ചോദിച്ചു. ഇങ്ങനെ സംരക്ഷിക്കപ്പെടുന്നവര്‍ പോലും നന്ദി കാണിക്കുന്നില്ല. അമേരിക്ക പിന്മാറുന്നതില്‍ റഷ്യയും ഇറാനും സിറിയയും സന്തുഷ്ടരല്ലെന്നും ട്രംപ് പറഞ്ഞു. കാരണം അവര്‍ ഇനി ശത്രുവിനെ ഒറ്റയ്ക്കു നേരിടണം. ഐഎസിനെ ഉന്മൂലനം ചെയ്യുകയായിരുന്നു യുഎസ് സൈന്യത്തിന്റെ ദൗത്യമെന്നും അല്ലാതെ സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുകയായിരുന്നില്ലെന്നും നേരത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഐഎസിനെ പരാജയപ്പെടുത്തിയെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്നു ബുധനാഴ്ച സൈന്യം സിറിയയില്‍ നിന്നു പിന്മാറ്റം തുടങ്ങി. യുഎസ് സൈന്യം പിന്മാറുന്നത് അസാദ് ഭരണകൂടത്തിന് സിറിയയുടെ സമ്പൂര്‍ണ നിയന്ത്രണം ലഭിക്കാന്‍ ഇടയാക്കുമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 
യുഎസിന്റെ ശത്രുപക്ഷത്തുള്ള ഇറാന്‍, റഷ്യ, എന്നിവയ്ക്ക് പ്രീതികരമായ തീരുമാനമാണിത്. തീരുമാനം മാറ്റാന്‍ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ട്രംപിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലിച്ചില്ലെന്ന് ഇസ്രയേലിന്റെ ചാനല്‍ 10 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ തമ്പടിച്ചിരിക്കുന്ന ഇറാനെതിരേ ശക്തമായി പോരാടുമെന്നു നെതന്യാഹു വ്യക്തമാക്കി. പെട്ടെന്നുള്ള സേനാ പിന്മാറ്റത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ട്. യുഎസിന്റെ പിന്മാറ്റം തങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കുര്‍ദുകള്‍ പറഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പെടെ ഏതാനും വിദേശരാജ്യങ്ങളും സേനാ പിന്മാറ്റത്തെ വിമര്‍ശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍