സംഘര്‍ഷത്തിനിടെ സുബോധ് കുമാര്‍ ഒറ്റക്കായത് എങ്ങനെ; ദുരൂഹതകള്‍ തീരുന്നില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ പശുകശാപ്പ് ആരോപിച്ച് കലാപം നടത്തിയവര്‍ വെടിവച്ച് കൊന്നത് പ്രമാദമായ അഖ്‌ലഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പശുകശാപ്പ് ആരോപിച്ച് ആദ്യം പൊലീസ് പരാതി നല്‍കിയ യോഗേഷ് രാജ് എന്നയാള്‍ ഉള്‍പ്പെടയാണ് അറസ്റ്റിലായത്.
അഖ്‌ലഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.അക്രമം പൊട്ടിപ്പുറപ്പെട്ട ചിത്രവതിയിലെ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിയാന കോട്‌വാലി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് മറ്റ് പൊലീസുകാരില്‍ നിന്നും ഒറ്റപ്പെട്ടത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അക്രമത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ ശരീരം അദ്ദേഹത്തിന്റെ വാഹനത്തില്‍ കിടക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇടത് പുരികത്തിന് താഴെ പതിച്ച വെടിയുണ്ടയാണ് സുബോധ് കുമാറിന്റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവത്തിന്റെ ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ സര്‍വീസ് റിവോള്‍വറുമായി മാത്രം സഞ്ചരിക്കുന്ന സുബോധ് സിംഗിന്റെ ശരീരത്തില്‍ നിന്നും ഇത് കണ്ടെത്താനുമായിട്ടില്ല.
ചിത്രവതി പൊലീസ് ഔട്ട്‌പോസ്റ്റിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കശാപ്പു ചെയ്ത പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. 
രോഷാകുലരായ സംഘം പൊലീസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയായിരുന്നു. രണ്ട് തവണ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ എത്തിയെന്ന് സുബോധ് സിംഗിന്റെ ഡ്രൈവര്‍ പറയുന്നു. ആദ്യത്തെ ആക്രമണത്തില്‍ പരിക്കേറ്റവരെയും കൊണ്ട് താന്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. അക്രമികളെ കണ്ട് താന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് അവര്‍ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും നടുക്കത്തോടെ ഇയാള്‍ വിവരിക്കുന്നു.
അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍