സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലു ദിവസമാക്കണമെന്നു ശിപാര്‍ശ

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലു ദിവസമെങ്കിലും വേണമെന്ന് അഭിപ്രായം. മൂന്നു ദിവസംകൊണ്ടു നടത്തിയാല്‍ ആസ്വാദനത്തിന് അവസരം കുറയും. അതുപോലെ വേദികളുടെ എണ്ണം കൂട്ടുകയും മത്സരം രാത്രി വൈകി മത്സരം നടത്തേണ്ടിയും വരും. നാലു ദിവസമാക്കണമെന്ന ശിപാര്‍ശ സംഘാടക സമിതി സര്‍ക്കാരിനു മുന്നില്‍ വയ്ക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി കലോത്സവം ചെലവ് പരമാവധി ചുരുക്കി മൂന്നുദിവസത്തേക്കു കുറച്ചത്. രചനാ മത്സരങ്ങള്‍ ജില്ലാതലത്തില്‍ നടത്തി അതിലെ വിജയികളുടെ ഒന്നിച്ചു സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം നടത്തുന്ന രീതിയായിരുന്നു ഇത്തവണ. ദിവസം കുറച്ചതിനാല്‍ വേദികളുടെ എണ്ണം 30 വരെ ഉയര്‍ന്നു. രചനാമത്സരങ്ങള്‍ അടക്കമുണ്ടായിരുന്ന തൃശൂര്‍ കലോത്സവത്തില്‍ ഇത് 24 ആയിരുന്നു. ആദ്യദിനത്തില്‍ മാധ്യമങ്ങളോടു സംസാരിച്ച വിദ്യാഭ്യാസ മന്ത്രിയടക്കം ആലപ്പുഴയെ മോഡലാക്കിയായിരിക്കും വരും കലോത്സവങ്ങളെന്നും പറഞ്ഞിരുന്നു. എന്നാല്‍, കാസര്‍ഗോഡ് നടക്കുന്ന അടുത്ത കലോത്സവ സംഘാടക സമിതിയുമായി ആലോചിച്ചു ദിവസക്കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. രാത്രി വൈകി നടത്തരുതെന്നു കോടതിയടക്കം മുന്പ് പറഞ്ഞിരുന്ന സാഹചര്യങ്ങളും പരിഗണിക്കേണ്ടി വരും. ആലപ്പുഴയില്‍ ഏറെ രാത്രിയിലും മത്സരങ്ങള്‍ നടേത്തേണ്ടി വന്നിരുന്നു. ആലപ്പുഴയില്‍ ആദ്യ ദിനത്തില്‍ പ്രതിക്ഷിച്ച കാണികള്‍ എത്തിയില്ലെങ്കിലും രണ്ടും മൂന്നും ദിനങ്ങളില്‍ പ്രമുഖ വേദികളെല്ലാം നിറഞ്ഞു. ആസ്വദിച്ചു വന്നപ്പോഴേക്കും കലോത്സവം കഴിഞ്ഞല്ലോയെന്നായിരുന്നു പലര്‍ക്കും പരിഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍