ജി.എസ്.ടി.നിയമ ഭേദഗതിക്ക് അംഗീകാരം : കോമ്പൗണ്ടിംഗ് നികുതിക്കുള്ള വിറ്റുവരവ് പരിധി ഒന്നര കോടി

തിരുവനന്തപുരം:ഒന്നര കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളെ കോമ്പൗണ്ടിംഗ് നികുതിയിലേക്ക് മാറാന്‍ അനുവദിക്കുന്ന ചരക്ക് സേവന നികുതി നിയമ ഭേദഗതിക്ക് നിയമസഭ ഇന്നലെ അംഗീകാരം നല്‍കി.നിലവില്‍ ഒരു കോടി വരെയായിരുന്നു കോമ്പൗണ്ടിംഗ് നികുതിയിലേക്ക് മാറാനുള്ള വിറ്റുവരവ് പരിധി. ആകെ വിറ്റുവരവിന്റെ പത്ത് ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കാണ് കോമ്പൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കാനാകുക. ഇവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നികുതി വാങ്ങാനാവില്ല. അഞ്ച് ശതമാനം നികുതി കണക്കാക്കി സര്‍ക്കാരിലേക്ക് അടച്ചാല്‍ മതി. കൂടുതല്‍ ഉപഭോക്താക്കളെ നികുതി ഭയമില്ലാതെ ആകര്‍ഷിക്കാം എന്നതാണ് ഇതിന്റെ നേട്ടം.
ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ജി. എസ്. ടി നിയമത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതികള്‍ക്ക് സംസ്ഥാനത്തും പ്രാബല്യം നല്‍കാന്‍ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെയാണ് സഭ അംഗീകരിച്ചത്. ഭേദഗതി പ്രകാരം അപ്പലേറ്റ് അധികാരികള്‍ക്ക് ഫയല്‍ ചെയ്യുന്ന കേസുകളില്‍ അടയ്‌ക്കേണ്ടത്, തര്‍ക്കമുള്ള തുകയുടെ 10 ശതമാനമോ പരമാവധി 25 കോടി രൂപയോ ആയി പുതുക്കി നിശ്ചയിച്ചു. ഇത് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ 20 ശതമാനമോ പരമാവധി 50 കോടിയോ ആയിരിക്കും. ഇ കൊമേഴ്‌സ് വ്യാപാരങ്ങള്‍ക്ക് സ്‌ത്രോതസില്‍ മാത്രമായിരിക്കും നികുതി. നേരത്തേ വിതരണക്കാരും നികുതി നല്‍കണമായിരുന്നു. 
നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്ന് 14 ദിവസമായി വര്‍ദ്ധിപ്പിക്കും. ഭേദഗതി നിലവില്‍ വരുന്ന തീയതി പ്രത്യേകം വിജ്ഞാപനം ചെയ്യും. അതോടെ വ്യാപാരികളുടെ ബ്രാഞ്ചുകള്‍ക്കും സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ വ്യാപാരികള്‍ക്കും പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍