സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ കേസില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഉത്തരവാദിത്തമുള്ള പദവിയിലുള്ളയാള്‍ ഇങ്ങനെ ചെയ്യരുത്. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തു. ശബരിമലയിലെത്തുന്ന ഭക്തര്‍ കാട്ടുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.സുരേന്ദ്രന്റെ പേരില്‍ എട്ട് വാറന്റുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍