കോടതിയില്‍ പുലിയിറങ്ങി; ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി

അഹമ്മദാബാദ്: കോടതിയില്‍ അപ്രതീക്ഷിതമായി പുലി കയറിയതിനെ തുടര്‍ന്ന് ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. 
ഇതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ച് ജഡ്ജിയും അഭിഭാഷകരും പുറത്തുചാടി. ഈ തക്കം നോക്കി ചില ജീവനക്കാര്‍ കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുലിയെ പിടികൂടിയത്. രണ്ടുവയസ് പ്രായംവരുന്ന പുലിയാണിതെന്നും ഇതിനെ കാട്ടിലേക്കുതന്നെ വിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, കോടതി മുറിയില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് പോലീസും അറിയിച്ചു. കഴിഞ്ഞമാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍