ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നു: എണ്ണ വില കൂടും

ഓസ്ട്രിയ: അടുത്ത വര്‍ഷം മുതല്‍ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ച് ഉത്പാദക രാജ്യങ്ങള്‍. പ്രതിദിനം എട്ട്‌ലക്ഷം ബാരല്‍ കുറവ് വരുത്താനാണ് ഒപെക് രാഷ്ട്രങ്ങള്‍ ധാരണയായത്. തീരുമാനത്തെ ഇറാനും അനുകൂലിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ 5% വര്‍ദ്ധനയാണുണ്ടായത്. സംഘടനയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് പ്രതിദിനം നാല് ലക്ഷം ബാരല്‍ കുറവ് വരുത്തണമെന്ന നിര്‍ദ്ദേശവും വിലവര്‍ദ്ധനയെ ബാധിച്ചിട്ടുണ്ട്. ഉത്പാദനത്തില്‍ 12ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടാകുന്നത്. എണ്ണ വിപണിയില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ജനുവരിയോടെ വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള ഉത്പാദനക്കുറവ് ഉണ്ടാകുമെന്നുറപ്പായതോടെ ബ്രെന്റ് അസംസ്‌കൃത എണ്ണയ്ക് (ക്രൂഡ് ഓയിലിന്റെ വകഭേദം) 63.07 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 60.02 ഡോളറായിരുന്നു വില. ന്യൂയോര്‍ക്ക് വിപണിയില്‍ വില 5% വര്‍ദ്ധിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലായ നിലയില്‍ എണ്ണ ഉത്പാദനം കുറയ്ക്കുന്നത് വലിയ ആഘാതമാകുമെന്ന് പറഞ്ഞ് ലഭ്യത കുറയാതിരിക്കാന്‍ അമേരിക്ക ഉത്പാദന രാഷ്ട്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. റഷ്യയും യുഎസ് ഉപരോധത്തില്‍ പ്രതിസന്ധിയിലായ ഇറാനും ഉത്പാദനം കുറയ്ക്കാനുള്ള നിര്‍ദ്ദേശം അംഗീകരിക്കുമോ എന്ന സംശയം നിലനിന്നിരുന്നു. ഒപെക് യോഗത്തിന് മുന്‍പ് സൗദി മന്ത്രിയെ കാണാനെത്തിയ യുഎസ് പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്കിന്റെ സന്ദര്‍ശനവും അഭ്യൂഹങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്പാദനം കുറയ്ക്കാന്‍ എല്ലാവരും ധാരണയാവുകയായിരുന്നു. സൗദി അറേബ്യ, റഷ്യ, യു.എ.ഇ രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് എണ്ണ വില മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒപെക് യോഗം വിളിച്ചു ചേര്‍ത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍