ഊരുകളില്‍ ആത്മവിശ്വാസം പകരാന്‍ മാനസികാരോഗ്യ പദ്ധതി

കല്‍പ്പറ്റ: ആത്മഹത്യാ പ്രവണതകളില്‍ നിന്നും ലഹരിയില്‍ നിന്നും ആദിവാസി ഊരുകളെ കൈപിടിച്ചുയര്‍ത്തി ആത്മവിശ്വാസം പകരാന്‍ മാനസികാരോഗ്യ പദ്ധതി തയാറായി. ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് വയനാട് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത ആദിവാസി വികസന വകുപ്പ് (ഐടിഡിപി), ജില്ലാ നിയമ സേവന സഹായ സമിതി, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. മെഡിക്കല്‍ ഓഫീസര്‍, മാനസികാരോഗ്യ വിദഗ്ധന്‍, നഴ്‌സ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിന്റെ സേവനവും ലഭിക്കും. ആദിവാസി ഊരുകളുമായി അടുത്തിടപെടുന്ന ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ സഹായത്തോടെ കോളനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യഘട്ടം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രൊമോട്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക പ്രശ്‌നം നേരിടുന്നവര്‍ക്ക് വൈദ്യസഹായമടക്കമുള്ളവ ലഭ്യമാക്കും. കോളനികളില്‍ മാനസികാരോഗ്യം ഉറപ്പാക്കി ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയാണ് ഒരു വര്‍ഷം നീളുന്ന തുടര്‍പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 380 ഓളം കോളനികളിലെ 1500 കുടുംബങ്ങളെ സംഘം സന്ദര്‍ശിച്ചു. ഒരോ അംഗത്തോടും നേരിട്ട് സംസാരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ നിന്ന് കണ്ടെത്തിയ മൂന്നുപേരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. പുല്‍പ്പള്ളി, തിരുനെല്ലി മേഖലകളില്‍ നിന്നും പുതുതായി 28 മാനസികാരോഗ്യ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ഷികവൃത്തിയുമായി ഇഴകിച്ചേര്‍ന്നു ജീവിച്ചിരുന്ന സമൂഹമായിരുന്നു ആദിവാസികള്‍. കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളതും ആദിവാസി വിഭാഗത്തെയാണ്. ഈ കാരണങ്ങളെല്ലാം ആദിവാസികളുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ .ഇവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍