ബി.ജെ.പിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഛത്തീസ്ഗഡ്,രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക് മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് , തെലങ്കാനയില്‍ ടി.ആര്‍.എസ് മിസോറാമില്‍ എം.എന്‍.എഫ് 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നേട്ടം കോണ്‍ഗ്രസ്സിന്.ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്,രാജസ്ഥാന്‍,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടിയാണ് ഏറ്റത്.ഈ മൂന്ന് സംസ്ഥാനങ്ങളില്‍ രണ്ടിലും കോണ്‍ഗ്രസ്സ് വ്യക്തമായ ലീഡ് തുടരുന്നു. ഛത്തീസ്ഗഡില്‍ 90 അംഗ നിയമസഭയില്‍ 57 സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ്സ് അധികാരം ഉറപ്പിച്ചു.ബി.ജെ.പിക്ക് 25 സീറ്റില്‍ മാത്രമേ ലീഡ് നേടാന്‍ കഴിഞ്ഞുള്ളൂ. ബി.എസ്.പി-ജെസിസി സംഖ്യത്തിന് രണ്ട് സീറ്റില്‍ പ്രതീക്ഷയുണ്ട്.നാലാംവട്ടം അധികാരം ഉറപ്പിച്ച ബി.ജെ.പിയ്ക്ക് സമാനതകളില്ലാത്ത ആഘാതമാണ് ഏറ്റത്.മൂന്നു തവണ മുഖ്യമന്ത്രിയായ രമണ്‍സിംഗ് പോലും രാജ്‌നന്ദഗാവില്‍ ലീഡില്‍ പിന്നോക്കം പോയി. രാജസ്ഥാനില്‍ 199 സീറ്റുകളില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ്സും 79 ഇടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു.ബി.എസ്.പി നാലിടത്ത് മുന്നേറുമ്പോള്‍ മറ്റുള്ളവര്‍ 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് ഭരണം തിരിച്ചു പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ബി.ജെ.പി മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് രാജസ്ഥാനില്‍ പ്രതിഫലിച്ചത്.കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രചാരണ ആയുധവും ഇതു തന്നെയായിരുന്നു.2013 ല്‍ 163 സീറ്റുകളായിരുന്നു ബി.ജെ.പി നേടിയത്.കോണ്‍ഗ്രസ്സിന് 21 സീറ്റും. ഇക്കുറി കാറ്റ് തിരിഞ്ഞു വീശി.സച്ചിന്‍ പൈലറ്റ്,അശോക് ഗെഹലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് നേരിട്ടത്. മധ്യപ്രദേശില്‍ 230 സീറ്റില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ലീഡ് നില മാറി മറിയുകയാണ്. ഫോട്ടോ ഫിനിഷിംഗിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.ബി.ജെ.പി 111,കോണ്‍ഗ്രസ്സ് 109,ബി.എസ്.പി 8 എന്നിങ്ങനെയാണ് നില. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം ഉറപ്പിച്ചു.119 സീറ്റുകളില്‍ ടി.ആര്‍.എസ് 84 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സിന് 26 ഇടത്ത് മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ.മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെ വീഴ്ത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ ഏറ്റില്ല.മിസോറാമില്‍ 40 സീറ്റുകളില്‍ 27 സീറ്റുകളില്‍ എം.എന്‍.എഫ് ലീഡ് ചെയ്യുന്നു.8 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് മുന്നേറുന്നു.മിസോറാമില്‍ എം.എന്‍.എഫ് അധികാരത്തെലെത്തുമെന്ന് വ്യക്തമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍