വനിതാ മതില്‍ : കണ്ണൂര്‍ ജില്ലയില്‍ അഞ്ചുലക്ഷം പേര്‍ അണിനിരക്കും

കണ്ണൂര്‍: നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. യോഗം നവോത്ഥാന സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുന്‍ എംഎല്‍എ ബി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്, നഗരസഭാ, ഡിവിഷന്‍, വാര്‍ഡ് തലത്തില്‍ ഡിസംബര്‍ 20 നകം പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌മൈഥിലി രമണന്‍, സെക്രട്ടറി എം. രാഘവന്‍, കൂത്തുപറന്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.സുകുമാരന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ. രാജീവന്‍, വനിതാ ശിശുക്ഷേമ വകുപ്പ് പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍