സംസ്ഥാന സ്‌കൂള്‍ കലോത്സവം: സര്‍വവും ഹൈടെക് മയം

തിരുവനന്തപുരം : 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിയുമ്പോള്‍ സര്‍വവും ഹൈടെക് മയം. രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗുമുള്‍പ്പെടെ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷനാണ് (കൈറ്റ്) ഹൈടെക് സംവിധാനമൊരുക്കുന്നത്.
മത്സരാര്‍ത്ഥികളെ ക്ലസ്റ്ററാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, മത്സരയിനങ്ങള്‍ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതും പോര്‍ട്ടലിലായിരിക്കും. 
ഹയര്‍ അപ്പീല്‍ നടപടികളും പോര്‍ട്ടലിലൂടെ ആയതിനാല്‍ ഫലപ്രഖ്യാപനം പെട്ടെന്നുണ്ടാകും. വെബ് പോര്‍ട്ടലിലൂടെ മത്സരഫലം പൊതുജനങ്ങള്‍ക്കുള്‍പ്പെടെ തത്സമയം അറിയാം.
പോര്‍ട്ടലിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ 'പൂമരം' എന്ന മൊബൈല്‍ ആപ്പും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ ഇതില്‍ ലഭിക്കും. 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE poomaram"എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം.
രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ www.school wiki.in) അപ്‌ലോഡ് ചെയ്യാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങി മുഴുവന്‍ ഭാഷകളിലെ മത്സരങ്ങളും സ്‌കൂള്‍ വിക്കിയില്‍ നല്‍കും.
മത്സരയിനങ്ങളും ഫലവും അറിയിക്കുന്നതോടൊപ്പം വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ ഒരേസമയം കാണാവുന്ന മള്‍ട്ടികാസ്റ്റിംഗ് സംവിധാനവും കൈറ്റ് വിക്ടേഴ്‌സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.www.victers.itschool.gov.inവഴിയും കലോത്സവം തത്സമയം കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍