മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ ഒരാഴ്ച , ശബരിമലയില്‍ തിരക്കേറുന്നു

 ശബരിമല : യുവതീപ്രവേശനവിധിയും നിരോധനാജ്ഞയും ഉയര്‍ത്തിയ പ്രതിസന്ധികളെയെല്ലാം മറികടന്ന് സന്നിധാനത്തേക്കുള്ള ഭക്തജനങ്ങളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ നാലരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ശരാശരി മുക്കാല്‍ ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ദിനംപ്രതി ദര്‍ശനത്തിനെത്തുന്നത്. മുന്‍ സീസണുകളില്‍ ഒന്നര മുതല്‍ രണ്ട് ലക്ഷം വരെ തീര്‍ത്ഥാടകര്‍ എത്തുമായിരുന്നെങ്കിലും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുക്കാല്‍ ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്നത് ആശങ്ക അകലുന്നതിന്റെ സൂചനയാണ്. മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ വരും ദിവസങ്ങളിലും തിരക്കേറും. കഴിഞ്ഞ 5 ദിവസത്തിനിടയില്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തിയത് തിങ്കളാഴ്ചയാണ്. അന്നുമാത്രം പമ്പവഴി ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 93,671 ആണ്. 14ാം തീയതി 82,233 പേരും, 15ന് 68,800, 16 ന് 70,502,18ന് 84,583 പേരും ദര്‍ശനം നടത്തി. ഇന്നലെ വൈകിട്ട് 5 വരെ എത്തിയവരുടെ എണ്ണം 60,5611 ആണ്. ഇതില്‍ പുല്ലുമേട് വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഉള്‍പ്പെടുന്നില്ല.സീസണ്‍ തുടങ്ങിയതുമുതല്‍ 9,475 ഭക്തര്‍ പുല്ലുമേട് വഴി മാത്രം ദര്‍ശനത്തിനെത്തിയതായാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ദര്‍ശനത്തിന് എത്തുന്നതില്‍ ഭൂരിപക്ഷവും. 22 മുതല്‍ സംസ്ഥാനത്തേത് ഉള്‍പ്പെടെ സ്‌കൂളുകള്‍ അടയ്ക്കുകയും തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയുമായതിനാല്‍ തീര്‍ത്ഥാടകരുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് മുന്നില്‍ക്കണ്ട് അപ്പം, അരവണ പ്രസാദങ്ങളുടെ ഉത്പാദനം ഉയര്‍ത്തി.തിരക്കേറിയതോടെ വിരിവയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ ഇടങ്ങളില്‍ സൗകര്യമൊരുക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍