നടിയെ ആക്രമിച്ച കേസ് : സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അന്വേഷണം പക്ഷപാതപരമായിട്ടാണെന്നും ചൂണ്ടിക്കാണിച്ച് ദിലീപ് കഴിഞ്ഞ ആഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് താന്‍ പ്രതിയായതെന്നും ദിപീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.എന്നാല്‍ ഏത് ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്റേതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ശരിയായ അന്വേഷണമാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് നിലവില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിയത്. അതേസമയം, ഉത്തരവിന്റെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ സമാനമായ ഹര്‍ജിയുമായി ദിലീപിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും ഇതേപോലെ കോടതി തള്ളുകയാണ് ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍