മാധുരി ദീക്ഷിത് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പൂനെ ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് ബോളിവുഡ് താരം മാധുരി ദീക്ഷിത് എന്ന് വാര്‍ത്തകള്‍. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂനെ ലോക്‌സഭാ സീറ്റിലേക്ക് മാധുരിയെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ഗൌരവമായി ആലോചിക്കുന്നുണ്ടെന്നും അവരെ സംബന്ധിച്ച് പൂനെ സീറ്റ് നല്ലതാണെന്ന് തങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സ്ഥിരീകരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അന്തിമപട്ടികയില്‍ മാധുരി ദീക്ഷിത് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ നേതാവ് സ്ഥിരീകരിച്ചു. പുതുമുഖങ്ങളെ ഇറക്കി സീറ്റ് പിടിക്കുക എന്നത് പാര്‍ട്ടിയുടെ പ്രധാന തന്ത്രമാണ്. ഇത്തരം തന്ത്രങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ നരേന്ദ്ര മോദി നടപ്പാക്കിവരുന്നതാണ്. പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ അവരെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിനൊന്നും ഉണ്ടാകില്ല. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായപ്പോള്‍ വന്‍ വിജയമാണ് ബി.ജെ.പിക്കുണ്ടായത്. 2017ലെ ഡല്‍ഹി തദ്ദേശഭരണ തിരഞ്ഞെടുപ്പിലും മുഴുവന്‍ സിറ്റിങ് കൗണ്‍സിലര്‍മാരെയും നീക്കി പാര്‍ട്ടി പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു. അപ്പോഴും ബി.ജെ.പി സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തിയെന്നും ഈ പാര്‍ട്ടി നേതാവ് പറയുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പൂനെ സീറ്റ് ബി.ജെ.പി നേടുന്നത്. അതുവരെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു അത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2014 ല്‍ ബി.ജെ.പിയുടെ അനില്‍ ഷിറോള്‍ അവിടെ ജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍