നോട്ട് നിരോധനം എന്തു നേട്ടമുണ്ടാക്കി ജയ്റ്റ്‌ലിയോട് രാം വിലാസ് പാസ്വാന്റെ മകന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ജനങ്ങളോടു പറയണമെന്നാവശ്യപ്പെട്ടു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ കത്ത്. എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് ജയ്റ്റ്‌ലിയ്ക്കു കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ ഗുണങ്ങള്‍ ജനങ്ങളോടു വിവരിക്കേണ്ടതുണ്ട് എന്നാണ് കത്തില്‍ ചിരാഗ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരികയും ബിജെപിക്കു തിരിച്ചടി നേരിടുകയും ചെയ്തതിനു പിന്നാലെയാണ് കത്തയച്ചതെന്നാണു റിപ്പോര്‍ട്ട്. ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ വിടുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ശക്തമാണ്. ഇതിനിടെ രാംവിലാസ് പാസ്വാനും ചിരാഗ് പാസ്വാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയിലെത്തിയായിരുന്നു എല്‍ജെപി നേതാക്കളുടെ കൂടിക്കാഴ്ച. ലോക്‌സഭാ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ബിഹാറില്‍ കാര്യങ്ങളൊന്നും ശരിയായില്ലെന്നും ഇതു സഖ്യത്തെ ബാധിച്ചേക്കുമെന്നും പാസ്വാന്‍ അടുത്തിടെ പറഞ്ഞിരുന്നു. സീറ്റ് വിഭജന പ്രശ്‌നം ഉചിതമായ സമയത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാമെന്നു ചിരാഗും പറഞ്ഞുവച്ചു. ഉപേന്ദ്ര കുശ്വ മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ആര്‍എല്‍എസ്പി മുന്നണി വിടുകയും ചെയ്തതോടെ ബിഹാറിലെ എന്‍ഡിഎ സഖ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണു പസ്വാനും മകനും ബിജെപിയില്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്. 2014ല്‍ എല്‍ജെപിയെ എന്‍ഡിഎയില്‍ എത്തിക്കുന്നതില്‍ ചിരാഗിനു നിര്‍ണായക പങ്കുണ്ട്. പാസ്വാനും മകനുമടക്കം ആറ് എംപിമാരാണ് എല്‍ജെപിക്കു നിലവില്‍ ലോക്‌സഭയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍