ശിവഗിരി: ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ നടക്കുന്ന 86ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം ഉള്‍പ്പെടെയുള്ള ഗുരുദേവ കല്പനകള് പാലിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് രൂപം നല്‍കുന്നതെന്ന് തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുളള ശ്രമങ്ങള്‍ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തീര്‍ത്ഥാടനത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ അത് കൂടുതല്‍ കര്‍ശനമാക്കും. ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹായജ്ഞവും മഹായതിപൂജയും ഗുരുദേവന്റെ സിലോണ്‍ സന്ദര്‍ശനത്തിന്റെ ശ്രീലങ്കയില്‍ നടന്ന നവതി ആഘോഷവും മംഗളമായി പര്യവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. അതിന്റെ തുടര്‍ച്ചയായിരിക്കും ഇത്തവണ ശിവഗിരി തീര്‍ത്ഥാടനമെന്നും സ്വാമി വിശാലാനന്ദ പറഞ്ഞു. ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്മാന് എം.എ.യൂസഫലി ശിവഗിരിയുടെ താഴ് വാരത്ത് നിര്‍മ്മിച്ചു സമര്‍പ്പിക്കുന്ന വിശാലമായ ആഡിറ്റോറിയത്തിന്റെ പ്രവൃത്തികള്‍ എഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായി. അഞ്ച് കോടി രൂപ ഇതിനകം നിര്‍മ്മാണത്തിന് ചെലവായി. ഇത്തവണ തീര്‍ത്ഥാടന പരിപാടികള്‍ ഈ ആഡിറ്റോറിയത്തിലായിരിക്കും നടക്കുന്നത്.
0 അഭിപ്രായങ്ങള്‍