ക്രൂഡോയില്‍ ഉത്പാദനം കുറയ്ക്കുമെന്ന് ഒമാനും; ഇന്ധനവില വീണ്ടും മേലോട്ട്

ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് കൂട്ടായ്മയുടെ തീരുമാനത്തിന് ഒമാന്റെയും പിന്തുണ. ജനുവരി മുതല്‍ ഉത്പാദനം രണ്ടു ശതമാനം കുറയ്ക്കുമെന്ന് ഒമാന്‍ എണ്ണ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവാരമാണ് പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഒഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസും (ഒപെക്) ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില നേരിടുന്ന തകര്‍ച്ച മറികടക്കുകയാണ് ഉത്പാദക രാജ്യങ്ങളുടെ ലക്ഷ്യം. ഉത്പാദനം കുറച്ച്, വില കൂട്ടരുതെന്ന അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം പോലും മറികടന്നാണ് ഒപെക്കിന്റെയും റഷ്യയുടെയും നീക്കം. ഉത്പാദനം കുറഞ്ഞതോടെ ക്രൂഡോയില്‍ വില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, ഇന്ത്യയില്‍ പെട്രോള്‍ വിലയും ഉയര്‍ന്നു. രണ്ടുമാസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷമാണ് പെട്രോള്‍ വില ഉയരുന്നത്. യു.എസ്. ക്രൂഡ് വില ഇന്നലെ ബാരലിന് 1.43 ഡോളര്‍ ഉയര്‍ന്ന് 52.58 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.19 ഡോളര്‍ വര്‍ദ്ധിച്ച് 61.34 ഡോളറുമായി. പെട്രോളിന് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ലിറ്രറിന് 11 പൈസയാണ് (തിരുവനന്തപുരം വില) കൂടിയത്. പെട്രോളിന് 73.49 രൂപയും ഡീസലിന് 69.42 രൂപയുമായിരുന്നു ഇന്നലെ വില. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. ഒക്‌ടോബറില്‍ ബാരലിന് 85 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡോയില്‍ വിലയാണ് കഴിഞ്ഞമാസം 60 ഡോളറിന് താഴേക്ക് ഇടിഞ്ഞത്. തുടര്‍ന്നാണ്, ഉത്പാദന നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ ഒപെക്ക് വീണ്ടും തീരുമാനിച്ചത്. ഒക്‌ടോബറില്‍ പെട്രോള്‍ വില ലിറ്ററിന് 87.12 രൂപയും ഡീസല്‍ വില 80.36 രൂപയുമായിരുന്നു. ക്രൂഡോയില്‍ വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ റീട്ടെയില്‍ നാണയപ്പെരുപ്പത്തിന് പിന്നാലെ നവംബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും താഴ്ന്നു. ഇതോടെ, സമീപ ഭാവിയില്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്കുകള്‍ കൂട്ടാനുള്ള സാദ്ധ്യത കുറഞ്ഞു. ഒക്‌ടോബറിലെ 5.28 ശതമാനത്തില്‍ നിന്ന് 4.64 ശതമാനത്തിലേക്കാണ് മൊത്തവില നാണയപ്പെരുപ്പം കുറഞ്ഞത്. റീട്ടെയില്‍ നാണയപ്പെരുപ്പം നവംബറില്‍ 17 മാസത്തെ താഴ്ചയായ 2.33 ശതമാനത്തിലാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍