മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ രാഹുലിന്റെ അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: ഇത് രാഹുല്‍ ഗാന്ധിയാണ്, നിങ്ങളുടെ അഭിപ്രായം പറയൂ..! ഇത് തട്ടിപ്പുകാരുടെ ഫോണ്‍ സന്ദേശമല്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായ ഓഡിയോ സര്‍വേയാണ്. 24 മണിക്കൂറിനിടെ ഭൂരിപക്ഷം ലഭിച്ച മൂന്നു സംസ്ഥാനങ്ങളിലെ (മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്) 7.3 ലക്ഷം പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ഓഡിയോ സന്ദേശം അയച്ചത്. മുഖ്യമന്ത്രി ആരാകണം എന്നത് നേരിട്ട് അറിയിക്കാനാണ് നിര്‍ദേശം. ലഭിക്കുന്ന മറുപടി രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനല്‍കുന്നു. രഹസ്യ ബാലറ്റ് രീതിയില്‍ പ്രവര്‍ത്തകരുമായി നേരിട്ടു സംവദിക്കുകയാണ് രാഹുല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാഹുലിന്റെ സന്ദേശത്തിനു മറുപടി ലഭിച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി ആരാകണം എന്നു നിശ്ചയിക്കപ്പെട്ടെന്നും രാഹുലിന്റെ സംഘത്തിലെ പേരു വെളിപ്പെടുത്താത്ത അംഗം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ചെവി നല്‍കുന്ന പുതിയ കോണ്‍ഗ്രസാണ് ഇതെന്നും അംഗം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് നേരിട്ടത്. പാര്‍ട്ടിയിലെ വിഭാഗീയത ഒഴിവാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നടപടി. ഇത് സ്വന്തം പാര്‍ട്ടിയിലെ എതിരാളികളില്‍നിന്നു പ്രവര്‍ത്തകരുടെ ശ്രദ്ധമാറ്റാനും കോണ്‍ഗ്രസിനെ സഹായിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍