ജിഡിപി വളര്‍ച്ച ഇടിഞ്ഞു; കാരണം വായ്പ ലഭ്യത കുറഞ്ഞതെന്നു സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജൂലൈസെപ്റ്റംബര്‍ ത്രൈമാസത്തെ സാമ്പത്തിക വളര്‍ച്ച മൂന്നു ത്രൈമാസങ്ങളിലെ ഏറ്റവും താഴ്ന്നതായി. 7.1 ശതമാനം മാത്രമാണ് ഈ ത്രൈമാസത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദന) വളര്‍ച്ച. ഏപ്രില്‍ജൂണില്‍ രാജ്യം 8.2 ശതമാനം വളര്‍ന്നതാണ്. സാമ്പത്തിക നിരീക്ഷകരും റേറ്റിംഗ് ഏജന്‍സികളും 7.2 മുതല്‍ 7.6 വരെ ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച ഇതിലും കുറവാകുമെന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്. മന്‍മോഹന്‍സിംഗിന്റെ കാലത്തേക്കാള്‍ വളര്‍ച്ച നരേന്ദ്ര മോദിയുടെ കാലത്താണെന്നു കാണിക്കാവുന്ന വിധം ജിഡിപി കണക്കു പുതുക്കി എഴുതിയ ശേഷം പുറത്തു വന്ന കണക്കില്‍ വളര്‍ച്ച പ്രതീക്ഷയിലും താഴെയായതു ഗവണ്‍മെന്റിനു തിരിച്ചടിയായി. വായ്പ ലഭ്യത കുറഞ്ഞതാണു ജിഡിപി വളര്‍ച്ച താഴാന്‍ കാരണമെന്നു ഗവണ്‍മെന്റ് വാദിക്കുന്നു. റിസര്‍വ് ബാങ്കിനെതിരായ ആക്രമണത്തില്‍ ഒരായുധമായി ജിഡിപി കണക്ക് ഉപയോഗിക്കാനാണു പ്ലാന്‍. എന്നാല്‍, ഏഴുമാസം പിന്നിട്ടപ്പോഴേക്ക് ബജറ്റില്‍ വിഭാവന ചെയ്ത മുഴുവര്‍ഷ കമ്മിയെ മറികടന്നതു സര്‍ക്കാരിന്റെ നില ദുര്‍ബലമാക്കും. നികുതി വരവ് കൂടിയില്ല, ചെലവുകള്‍ നിയന്ത്രിച്ചുമില്ല എന്നു നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം വാര്‍ഷിക കമ്മിയുടെ 96.1 ശതമാനമേ എത്തിയിരുന്നുള്ളൂ. ഇത്തവണ 103.9 ശതമാനം എത്തി. 6.48 ലക്ഷം കോടി രൂപയാണ് ഒക്ടോബര്‍ അവസാനം കമ്മി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍