ജനപ്രതിനിധികള്‍ക്കെതിരായ കേസുകളില്‍ വിചാരണ വേഗത്തിലാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: എംപി, എംഎല്‍എമാര്‍ക്കെതിരേയുള്ള കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേരള, പാറ്റ്‌ന ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ പ്രത്യേക കോടതികളാക്കി നിശ്ചയിക്കണം. കേരളത്തില്‍ സിറ്റിംഗ്/ മുന്‍ എംപി, എംഎല്‍എമാര്‍ക്കെതിരേ 312 കേസുകള്‍ നിലവിലുണ്ടെന്നു അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ കോടതിയെ അറിയിച്ചു. 
ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നടപടിയെടുത്തത്. കേസുകള്‍ ഉയര്‍ന്ന ശിക്ഷ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കണം. ഏതെങ്കിലും ഒരു പ്രത്യേക കോടതിയില്‍ എല്ലാ കേസുകളും നല്‍കുന്നതിനു പകരം സാധ്യമായത്രയും വിഭജിച്ചു കൈമാറണം. 
വാദം കേള്‍ക്കുന്നതു മാറ്റിവയ്ക്കാതെ തുടര്‍ച്ചയായി കേസുകള്‍ പരിഗണിച്ചു തീര്‍പ്പാക്കണം. കേസിലെ പുരോഗതി സംബന്ധിച്ച് പ്രത്യേക കോടതികള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതികള്‍ നാല് മാസത്തിനു ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്കു കൈമാറണമെന്നും ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍