ഭരണഘടനയ്ക്കു മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാന്‍ ഗൂഢശ്രമം: കാനം രാജേന്ദ്രന്‍

ശ്രീനാരായണപുരം: രാജ്യത്തെ സുപ്രധാനമായ ഭരണഘടനയ്ക്കും നിയമത്തിനും മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചെടുക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തഴപ്പായ നെയ്ത്ത് തൊഴിലാളി യൂണിയന്‍ എഐടിയുസി ജില്ലാ സമ്മേളനം ശ്രീനാരായണപുരം പോള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിശ്വാസിയെയും അവിശ്വാസിയെന്നും വേര്‍തിരിച്ചു ചേരിതിരിവ് സൃഷ്ടിക്കുകയാണ് ഒരു വിഭാഗം ചെയ്യുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചു വര്‍ഗീയതയുടെ വിഷവിത്ത് ഇടാനുള്ള നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണമെന്നും കാനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും തൊഴിലാളി വിരുദ്ധ നയങ്ങള്‍ കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തഴപ്പായ നെയ്ത്ത് മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തി സാധ്യതകള്‍ പ്രയോജനപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. തഴപ്പായ നെയ്ത്ത് തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എം.എ.അനില്‍കുമാര്‍ പ്രവര്‍ത്ത റിപ്പോര്‍ട്ടും അഖില വേണി, വി.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, കെ.ശ്രീകുമാര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ടി.കെ. സുധീഷ്, പി.വി.മോഹനന്‍, കെ.എസ്.ജയ, ടി.പി.രഘുനാഥ്, കെ.സി.ശിവരാമന്‍, ഗോപി നെല്ലകത്ത്, സി.പി.എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍