750 കിലോ ഉള്ളിക്ക് വെറും ആയിരം രൂപ, പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച് കര്‍ഷകന്‍

മുംബൈ :ഉള്ളി കൃഷിയില്‍ ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിറ്റ് കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ കര്‍ഷകനായ സഞ്ജയ് സേത് ആണ് ഉള്ളിവില നിരന്തരമായി ഇടിയുന്നതിനെതിര പ്രതിഷേധമറിയിച്ചത്. 2010ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചുരുക്കം ചില കര്‍ഷകരില്‍ ഒരാളായിരുന്നു മുംബൈ നാസിക് ജില്ലയിലെ നിപാട് ടെഹ്‌സ് സ്വദേശിയായ സഞ്ജയ്. 'ഇത്തവണ 750 കിലൊ ഉള്ളിയാണ് കൃഷി ചെയ്തത്. മൊത്ത വ്യാപാര വിപണിയില്‍ ഒരു രൂപയാണ് വില പറഞ്ഞത്. അവസാനം വില പേശി 1.40 വരെ എത്തിച്ചു. ഇത്രയൊക്കെ ശ്രമിച്ചിട്ടും 750 കിലൊ വിറ്റപ്പോള്‍ 1064 രൂപ മാത്രമാണ് കൈയ്യില്‍ കിട്ടിയത്. നീണ്ട നാല് മാസത്തെ കഷ്ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് സങ്കടകരമായ അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. തുക മണി ഓര്‍ഡറായി അയക്കുന്നതിനായി 54 രൂപ ചിലവായെന്നും സഞ്ജയ് പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ കര്‍ഷകന്റെ കഷ്ടതയില്‍ സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന ഉദാസീനതയില്‍ താന്‍ രോഷാകുലനാണെ'ന്നും സേത് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍