ജപ്പാന്‍ കുടിവെള്ള പദ്ധതി: ജില്ലയില്‍ 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി

കോഴിക്കോട്: ജില്ലയില്‍ അഞ്ച് പാക്കേജുകളിലായി നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നാല് പാക്കേജുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പദ്ധതിയുടെ 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രതിദിനം 174 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാല പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാണ്. പദ്ധതിയുടെ 20 ജലസംഭരണികളുടെയും 150 മീറ്റര്‍ പൈപ്പ് ലൈന്‍ ഒഴികെയുള്ള പ്രധാന പൈപ്പ് ലൈനുകളുടെ പണി പൂര്‍ത്തീകരിച്ചു. ബേപ്പൂര്‍, കടലുണ്ടി മേഖലകളിലെ വിതരണ ശൃംഖല പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂര്‍ മേഖലയില്‍ ഈ മാസം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം കോവൂര്‍ മേഖലയില്‍ 13 കിലോമീറ്ററും പൊറ്റമ്മലില്‍ 14 കിലോമീറ്ററും പൂര്‍ത്തീകരിക്കും. ഈസ്റ്റ്ഹില്‍, മലാപ്പറന്പ്, ബാലമന്ദിരം, ഇരവത്ത് കുന്ന് മേഖലകളില്‍ അടുത്തവര്‍ഷം മേയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാലുശേരി മേഖലയില്‍ പൂര്‍ണമായും നന്മണ്ട, കുന്നമംഗലം, കക്കോടി, കുരുവട്ടൂര്‍, മേഖലകളില്‍ ഭാഗികകമായും ജലവിതരണം ആരംഭിച്ചിട്ടുണ്ട്. 1854 കിലോമീറ്റര്‍ വിതരണ ശൃംഖലയിലെ 1421 കിലോമീറ്റര്‍ പൈപ്പിടല്‍ പൂര്‍ത്തിയായി. പി.ടി.എ. റഹീം എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍